കാക്കനാട്: കൊല്ലംകുടിമുകളിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ അനധികൃത മണ്ണെടുക്കൽ തടഞ്ഞ് വില്ലേജ് ഓഫിസർ. ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിൽ കാക്കനാട് മേഖലയിൽ മണ്ണ് മാഫിയയും തിരക്കിലാണ് എന്ന ‘മാധ്യമം’ വാർത്തയെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് കൊല്ലംകുടിമുകൾ ഭാഗത്ത് വ്യാപകമായി മണ്ണ് നീക്കം ചെയ്തത് ശ്രദ്ധയിൽപെട്ടത്.
തുടർന്ന് ഉടമകളോട് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. എന്നാൽ, ഉടമ രേഖകൾ ഹാജരാക്കിയില്ല. തുടർന്ന് മണ്ണെടുത്ത സ്ഥലത്തെത്തി കാക്കനാട് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ സ്റ്റോപ് മെമ്മോ പതിക്കുകയായിരുന്നു. റോഡ് നിരപ്പിൽനിന്ന് 50 അടിയിൽപരം താഴ്ചയിലാണ് ഇവിടെ മണ്ണെടുത്തിരിക്കുന്നത്. ഇത്രത്തോളം മണ്ണ് നീക്കം ചെയ്തിട്ടും വില്ലേജ് അധികൃതർ അറിയാത്തതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
നിയമങ്ങളുടെ പഴുതുകള്‍ മുതലാക്കിയാണ് പലയിടങ്ങളിലും മണ്ണെടുപ്പ് നടക്കുന്നത്. മണ്ണ് വില്ക്കാന് താല്പര്യമുണ്ടെന്ന് ഭൂവുടമ അറിയിച്ചാല്‍ ബാക്കി പ്രവര്‍ത്തനങ്ങളെല്ലാം ഇടനിലക്കാരന് കൈകാര്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഇടനിലക്കാരനെ ഭൂവുടമയുമായി ബന്ധിപ്പിച്ച് നല്‍കുന്നവർപോലും ഒരു ഇടപാടില്‍ ലക്ഷങ്ങള്‍ കൊയ്യുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുന്നിടിച്ച് നിരത്തിയ മണ്ണ് ടിപ്പറുകളിൽ കടത്താൻ പ്രത്യേക പാസ് ഉണ്ടെങ്കിലും പാസ് ദുരുപയോഗം ചെയ്യാറാണ് പതിവ്. 10 സെന്റിന് അനുമതി വാങ്ങിയിട്ട് ഏക്കറുകണക്കിനു ലോഡ് മണ്ണ് എടുക്കുമ്പോൾ ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.