മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ ഒന്നുമുതൽ 28 വരെയുള്ള ഡിവിഷനുകൾ കെണ്ടയ്ൻമെൻറ് സോണാക്കി പ്രധാന റോഡുകളും പാലങ്ങളും വരെ അടച്ചതോടെ അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ പ്രയാസപ്പെടുന്നു.
ശനിയാഴ്ച രാത്രി ഒമ്പതരക്ക് നെഞ്ചുവേദനയെ തുടർന്ന് അമരാവതിയിൽ താമസിക്കുന്ന സുഹറാബിയെന്ന സ്ത്രീയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ അലയേണ്ടി വന്നത് മുക്കാൽ മണിക്കൂർ. പല വഴിക്കായി പോയെങ്കിലും പാലങ്ങൾ എല്ലാം അടച്ചത് മൂലം രോഗിയുമായി ചുറ്റി കറങ്ങുകയായിരുന്നു.
ഇതിനിടെ പൊലീസ് സംഘത്തെ കണ്ടെങ്കിലും അവരും തടസ്സം നീക്കാൻ തയാറായില്ല. അവസാനം വീട്ടിൽനിന്നും രണ്ടു കിലോമീറ്റർ അകലം മാത്രമുള്ള ആശുപത്രിയിലെത്താൻ മുക്കാൽ മണിക്കൂറെടുത്തു. അേപ്പാഴേക്കും രോഗിയുടെ സ്ഥിതി വഷളായി.
തുടർന്ന് ആശുപത്രി അധികൃതർ തന്നെ എറണാകുളത്തെ മറ്റൊരു ആശുപത്രിയിൽനിന്നും ഐ.സി.യു സൗകര്യമുള്ള ആംബുലൻസ് വരുത്തിച്ചെങ്കിലും അവർക്കും ചുറ്റി കറങ്ങേണ്ടി വന്നു. ഇപ്പോൾ അത്യാസന്ന നിലയിലാണ് രോഗി.
രണ്ടാഴ്ച മുമ്പ് കോമ്പാറ മുക്ക് സ്വദേശി സലീം എന്ന55 കാരൻ മട്ടാഞ്ചേരി ബസാറിൽ ജോലിക്കിടെ ലോറിയിൽനിന്ന് വീണ് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാളെയും ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ മുക്കാൽ മണിക്കൂർ എടുത്തു.
പൊലീസ് ഏർപ്പെടുത്തിയ തടസ്സങ്ങൾ മൂലം ചുറ്റി തിരിയേണ്ടതാണ് ഇയാൾക്കും പ്രശ്നമായത്. കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെത്തിച്ച ഇയാളെ മടക്കി. തുടർന്ന് എറണാകുളത്ത് കൊണ്ടുപോയെങ്കിലും അവിടെനിന്നും മടക്കി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകേണ്ടി വന്നു. ഇപ്പോൾ ഒാപറേഷന് വിധേയനായി കഴിയുകയാണ് ഇയാൾ.
ഞായറാഴ്ച രാവിലെ ചിറളായി കടവ് പാലത്തിലൂടെ നടത്തിക്കൊണ്ടു പോയ രോഗിയെ പൊലീസ് പോകാൻ അനുവദിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇത് ബഹളത്തിനും ഇടയാക്കി.
പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിനാണ് വഴി വെച്ചത്. പ്രധാന റോഡുകളും പാലങ്ങളും അടക്കുമ്പോൾ രാത്രിയിൽ പാലം താഴിട്ട് പൂട്ടി പോകുകയാണ് പൊലീസ്. ഇവിടങ്ങളിൽ രാത്രിയും പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചാൽ ആളുകൾക്ക് മെഡിക്കൽ ആവശ്യങ്ങൾക്ക് പോകാം. എന്നാൽ, പൊലീസ് ഇത് ചെയ്യാറില്ല.
മനുഷ്യാവകാശ ലംഘനമാണ് പൊലീസ് നടത്തുന്നതെന്ന് ജനകീയ സമിതി കൺവീനർ എ. ജലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.