തെരുവുകച്ചവടക്കാരുടെ പുനരധിവാസം; പ്രത്യേക മേഖല ഒരുങ്ങുന്നു

തൊടുപുഴ: നഗരസഭയിലെ തെരുവുകച്ചവടക്കാരുടെ പുനരധിവാസത്തിന്​ നടപടികളാകുന്നു. തിരക്കേറിയ ജങ്ഷനിലടക്കം കച്ചവടം ഗതാഗത തടസ്സത്തിനടക്കം വഴിവെക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്​ നഗരസഭ നടപടികൾ ഊർജിതമാക്കിയത്​. പലതവണ കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും ദിവസങ്ങൾ കഴിയു​ന്നതോടെ വീണ്ടും അതേ സ്ഥലത്ത്​ കച്ചവടം ആരംഭിക്കുന്ന സ്ഥിതിയാണ്​. ഈ സാഹചര്യത്തിലാണ്​ ഇവരുടെ പുനരധിവാസത്തിനുള്ള നടപടി ആരംഭിക്കുന്നത്​. ഇവരെ പ്രത്യേക മേഖല കണ്ടെത്തി അവി​ടേക്ക്​ മാറ്റാനാണ്​ തീരുമാനം. സോൺ നിശ്ചയിച്ച്​ നൽകാൻ തിങ്കളാഴ്ച ടൗൺ വെൻഡിങ്​ കമ്മിറ്റി യോഗം ചേരും. നഗരത്തിന്‍റെ വിവിധയിടങ്ങളിലെ സ്ഥലങ്ങൾ കഴിഞ്ഞ വെൻഡിങ്​ കമ്മിറ്റി യോഗം ചേർന്ന്​ തീരുമാനിച്ച പ്രകാരം ഉപസമിതി സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ സ്ഥലത്തെക്കുറിച്ച്​ തീരുമാനമെടുത്ത ശേഷം മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ സമർപ്പിക്കും. കൗൺസിലാണ്​ തീരുമാനമെടുക്കുക. നഗരത്തിലെ ഭൂരിഭാഗം തിരക്കേറിയ ഇടങ്ങളിലും ഒരു മാനദണ്ഡവും പാലിക്കാതെ കച്ചവടങ്ങൾ കൂടിവരുകയാണ്​​. ഇത്​ പ്രദേശത്ത്​ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്​. ഗതാഗത പ്രശ്നങ്ങളടക്കം നേരിടുന്ന സ്ഥലത്തെ കച്ചവടക്കാരെ മാറ്റി ഇവർക്ക്​ സ്ഥലം തീരുമാനിച്ച്​ നൽകുന്ന കാര്യമാണ്​ യോഗത്തിൽ ആദ്യം ചർച്ച ചെയ്യുക. മുനിസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ്​ യോഗം. പുതിയ സർവേയിൽ കച്ചവടക്കാരുടെ എണ്ണം 385 നഗര ഉപജീവന മിഷന്‍റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ സർവേയിൽ 385 തെരുവുകച്ചവടക്കാരെയാണ്​ കണ്ടെത്തിയത്​. എന്നാൽ, ഇവരിൽ പലരും ഇപ്പോൾ കച്ചവടം നിർത്തിയിട്ടുമുണ്ട്​. യഥാർഥ കച്ചവടക്കാരെ കണ്ടെത്താനുള്ള നടപടികളും പൂർത്തിയായിവരുകയാണ്​. 270നടുത്ത് പേർക്കാണ്​ കാർഡ്​ നൽകിയിരിക്കുന്നത്​. നിയമങ്ങൾ പാലിച്ച് കച്ചവടം നടത്തുന്നവരെ കണ്ടെത്തി അവർക്ക് പുതിയ കാർഡ് നൽകുകയും ബാക്കിയുള്ളവരുടെ പേര് നീക്കംചെയ്യുന്ന കാര്യങ്ങളടക്കം നടപ്പാക്കിവരുകയാണെന്ന്​ ചെയർമാൻ പറഞ്ഞു. നഗരത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഷെഡ് കെട്ടിയും മറ്റും തുടരുന്നവരെയും അപകട ഭീഷണിയുള്ള ഭാഗങ്ങളിൽ തുടരുന്നവരെയും മറ്റൊരു സ്ഥലത്ത്​ പുനരധിവസിപ്പിക്കാനാണ്​ ലക്ഷ്യം​. സോൺ നിശ്ചയിച്ച്​ നൽകിയാൽ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന്​ മാറണം. ഗതാഗതക്കുരുക്കിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടൊപ്പം ഫുട്പാത്തുകള്‍ പൂര്‍ണമായും കാല്‍നടക്കാര്‍ക്ക് ലഭ്യമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായും ചെയർമാൻ പറഞ്ഞു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.