തൊടുപുഴ: ഇത്തവണത്തെ സപ്ലൈകോ ഓണച്ചന്ത തൊടുപുഴയിൽ. 10 വർഷത്തിനുശേഷമാണ് ജില്ല ഓണച്ചന്ത തൊടുപുഴയിൽ എത്തുന്നത്. സെപ്റ്റംബർ ആറു മുതൽ ഉത്രാടദിനമായ 14വരെ തൊടുപുഴ ഗാന്ധി സ്ക്വയറിലെ പഴയ മുനിസിപ്പൽ ബസ്സ്റ്റാൻഡ് മൈതാനിയിലാണ് ചന്ത പ്രവർത്തിക്കുക. 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ ഓണച്ചന്തയിൽനിന്ന് ലഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, മട്ട അരി, പച്ചരി, കുറുവ അരി എന്നിവയാണ് സബ്സിഡി നിരക്കിൽ ലഭിക്കുക.
മല്ലിയും മുളകും അരകിലോ വീതവും മറ്റുള്ളവ ഒരു കിലോ വീതവും കാർഡൊന്നിന് സബ്സിഡി നിരക്കിൽ ലഭിക്കും. കാർഡില്ലാത്തവർക്ക് സബ്സിഡി ഇല്ലാതെ പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിലും ഈ സാധനങ്ങൾ വാങ്ങാം.
രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ചന്തയിൽ ഉച്ചക്ക് രണ്ട് മുതൽ നാലുവരെയുള്ള ‘ഹാപ്പി അവറിൽ’ 45 ശതമാനം വരെ ഇളവോടെ 200ൽപരം നോൺ മാവേലി ഇനങ്ങൾ വാങ്ങാനും അവസരമുണ്ട്. സെപ്റ്റംബർ 10 മുതൽ 14വരെ ഹോർട്ടികോർപ്പിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി ചന്തയും പ്രവർത്തിക്കും.
വെള്ളിയാഴ്ച രാവിലെ 11ന് തൊടുപുഴ എം.എൽ.എ പി.ജെ. ജോസഫ് ചന്ത ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. വാഴൂർ സോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.എം. മണി എം.എൽ.എ ആദ്യ വിൽപന നിർവഹിക്കും. പച്ചക്കറി സ്റ്റാൾ എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സണും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ സപ്ലൈകോ ജില്ല ഡിപ്പോ മാനേജർ കെ. സിന്ധുമോൾ, ജീവനക്കാരായ പി.എസ്. ജയൻ, വിൻസെന്റ് ഉലഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.