അഞ്ചേരി ബേബി വധം: ഇടുക്കിയുടെ നിലക്കാത്ത രാഷ്ട്രീയ വിവാദം

നെടുങ്കണ്ടം: തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബിയുടെ കൊലപാതകം ജില്ലയിൽ സൃഷ്ടിച്ചത് നിലക്കാത്ത രാഷ്ട്രീയ വിവാദം. മുൻ മന്ത്രി എം.എം. മണി അടക്കം കേസിലെ മൂന്ന് പ്രതികളെയും കോടതി കുറ്റമുക്തരാക്കിയതിലൂടെ, മണിയുടെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന കേസ് നിർണായക ഘട്ടത്തിലെത്തി.

യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബേബി 1982 നവംബര്‍ 13നാണ് കൊല്ലപ്പെട്ടത്. തൊഴില്‍ത്തര്‍ക്കം പറഞ്ഞുതീര്‍ക്കാനെന്ന പേരിൽ ഉടുമ്പന്‍ചോല മണത്തോട്ടിലെ ഏലക്കാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. അറുപതിലധികം വെടിയുണ്ടകള്‍ ദേഹത്ത് പതിച്ച ബേബി തല്‍ക്ഷണം മരിച്ചു.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അന്ന് വിചാരണ നടന്നിരുന്നു. ഒമ്പത് പ്രതികളും ഏഴ് ദൃക്സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. എന്നാല്‍, കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ കൃത്രിമമായിരുന്നതിനാലും ദൃക്സാക്ഷികള്‍ കൂറുമാറിയതിനാലും 1985 മാര്‍ച്ചില്‍ കേസ് അവസാനിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഒത്തുകളിച്ചതായി അന്ന് ആരോപണം ഉയർന്നു.

എതിരാളികളെ വകവരുത്തിയെന്ന് തുറന്ന് സമ്മതിച്ച് സി.പി.എം ജില്ല സെക്രട്ടറി ആയിരിക്കെ 2012 മേയ് 25ന് എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ വിവാദ 'വൺ, ടു, ത്രീ' പ്രസംഗത്തിലൂടെയാണ് പുനരന്വേഷണത്തിന് വഴിയൊരുങ്ങിയത്.

രാഷ്ട്രീയ എതിരാളികളായിരുന്ന അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ കൊലപാതകങ്ങളാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. തുടർന്ന്, കൈനകരി കുട്ടന്‍, എം.എം. മണി, സി.പി.എം മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം ഒ.ജി. മദനന്‍ എന്നിവരെ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കി അന്വേഷണം തുടങ്ങി. ഒന്നാം സാക്ഷി ചിറ്റടി ജോണി, പ്രതിയായിരുന്ന പി.എന്‍. മോഹന്‍ദാസ് എന്നിവര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയും നിർണായകമായി. തുടര്‍ന്ന്, 2012 നവംബര്‍ 27ന് ഐ.ജി പത്മകുമാറും സംഘവും എം.എം. മണിയടക്കം മൂന്നുപേരെയും അറസ്റ്റ് ചെയ്തു.

ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട മണി 44 ദിവസം പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. കുട്ടനെ കൊലപാതകം നടന്ന എസ്റ്റേറ്റില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. കുട്ടന്‍റെയും മദനന്‍റെയും മൊഴികളില്‍ വൈരുധ്യം ഉണ്ടായിരുന്നു.

നിയമം വിലക്കെടുത്ത് നേടിയ വിധിയെന്ന് അഞ്ചേരി സഹോദരങ്ങൾ

നെടുങ്കണ്ടം: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം. മണിയെയും മറ്റ് രണ്ട് പേരെയും കുറ്റവിമുക്തരാക്കിയ കോടതി വിധി നിയമം വിലക്കെടുത്ത് സമ്പാദിച്ചതാണെന്ന് ബേബിയുടെ സഹോദരങ്ങളായ അഞ്ചേരി ജോർജും ബെന്നിയും. പ്രോസിക്യൂഷന്‍ നൂറുശതമാനവും പ്രതികള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അവർ പറഞ്ഞു.

വിധിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് മേല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. പണത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സ്വാധീനമാണ് വിധിയില്‍ പ്രതിഫലിച്ചത്. ഇത് ഇരട്ട നീതിയാണെന്നും സഹോദരങ്ങൾ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Ancheri Baby murder: Idukki's non-stop political controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.