തൊടുപുഴ: തൊടുപുഴയിൽ നഗരസഭ കൊട്ടിഗ്ഘോഷിച്ച് നിർമാണം തുടങ്ങിയ പല പദ്ധതികളും പൂർത്തിയാകാതെ പാതിവഴിയിൽ. ഇവയുടെ പുനർനിർമാണം എന്നു തുടങ്ങുമെന്നോ എപ്പോൾ പൂർത്തിയാകുമെന്നോ ചോദിച്ചാൽ അധികൃതർക്ക് വ്യക്തമായ മറുപടിയുമില്ല. നിർമാണം തുടങ്ങി 10 വർഷം പിന്നിട്ടിട്ടും എങ്ങും എത്താത്ത പദ്ധതികൾ വരെയുണ്ട് നഗരപരിധിയിൽ. മുനിസിപ്പൽ ബസ്സ്റ്റാൻഡിലെ ശുചിമുറി നിർമാണം തുടങ്ങിയത് 2019ൽ. പദ്ധതി ചെലവ് 40 ലക്ഷം രൂപ.
നിലവിൽ സ്റ്റാൻഡിന് അകത്തുള്ള ശുചിമുറിക്കു കാലപ്പഴക്കം വന്നതോടെയാണ് സ്റ്റാൻഡിനോടനുബന്ധിച്ച് കോതായിക്കുന്ന് ഭാഗത്ത് ആധുനിക രീതിയിലുള്ള ശുചിമുറി നിർമാണം ആരംഭിച്ചത്. അഞ്ചു വർഷം പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങാത്തതിനാൽ യാത്രക്കാരുടെ ദുരിതം തുടരുന്നു. മുനിസിപ്പൽ ഓഫിസിന് മുന്നിലുള്ള ശുചിമുറി 2017ൽ തുറന്നെങ്കിലും നിലവിൽ പൂട്ടിക്കിടക്കുന്നു. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. അറ്റകുറ്റപ്പണിക്ക് അടച്ചിട്ട് ഒരു വർഷമായി.
മങ്ങാട്ടുകവലക്സ്സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് നിർമാണം തുടങ്ങിയത് 2013ൽ. പദ്ധതി ചെലവ് ഒമ്പതുകോടി. നഗരസഭയുടെ വരുമാനവും വികസനവും ലക്ഷ്യമിട്ട് മൂന്ന് നിലകളിലായാണ് കെട്ടിടം പണിതിട്ടുള്ളത്. ഒന്നും രണ്ടും നിലകളിലായി 42 മുറികൾ വീതവും മൂന്നാം നിലയിൽ ഓഫിസ് സൗകര്യത്തിനുള്ള സംവിധാനവുമാണ് ഒരുക്കിയിട്ടുള്ളത്. കോംപ്ലക്സ് തുറന്നാൽ ഒരു വർഷം നഗരസഭക്ക് ഇതിൽനിന്ന് ഒരു കോടിയോളം വാടകയിനത്തിൽ മാത്രം ലഭിക്കും. തൊടുപുഴ-ഉടുമ്പന്നൂർ റോഡിലെ ഷോപ്പിങ് കോംപ്ലക്സ് കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന വാടകക്കാരെ മുഴുവൻ ഒഴിപ്പിച്ചിട്ട് മൂന്ന് വർഷമായി.
ഇവിടെ പുതിയ കെട്ടിടം നിർമിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. എന്നാൽ, കെട്ടിട നിർമാണം ആരംഭിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. തൊടുപുഴ പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്തിരുന്ന പഴയ ബസ്സ്റ്റാൻഡിന് എതിർവശമുള്ള കെട്ടിടവും ബലക്ഷയം ഉള്ളതാണ്. മുൻ കൗൺസിലിന്റെ കാലത്ത് ഈ കെട്ടിടം പുനർനിർമിക്കാനുള്ള പ്ലാൻ തയാറാക്കിയിരുന്നു. ഷോപ്പിങ് സൗകര്യമുള്ള മുറികൾക്ക് പുറമെ നഗരത്തിൽ ഏറ്റവും അത്യാവശ്യമായ മുനിസിപ്പൽ ലൈബ്രറി സ്ഥാപിക്കാൻ പുതിയ പ്ലാനിൽ ഒരു നില മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പദ്ധതികൾ പൂർത്തീകരിക്കാത്തത് കെടുകാര്യസ്ഥത -അഡ്വ. ജോസഫ് ജോൺ
തൊടുപുഴ: നഗരസഭ പരിധിയിലെ നിർമാണം പാതിവഴിയിൽ നിൽക്കുന്ന വികസന പദ്ധതികൾ പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ കൗൺസിലറും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ അഡ്വ. ജോസഫ് ജോൺ ആവശ്യപ്പെട്ടു. പ്രധാന പദ്ധതികൾ പോലും യാഥാർഥ്യമാക്കാൻ കഴിയാത്തത്ര കെടുകാര്യസ്ഥതയാണ് നഗരസഭ ഭരണക്കാർക്ക്. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കാൻ നാല് വർഷത്തിനിടെ ഒരു പദ്ധതിയും ആരംഭിക്കാനോ ആയതിനുള്ള നടപടി സ്വീകരിക്കാനോ കഴിയാത്തത് ഗൗരവമുള്ള കാര്യമാണ്. ഈ വിഷയം കൗൺസിൽ യോഗത്തിൽ പല പ്രാവശ്യം ഉന്നയിച്ചിട്ടുള്ളതാണ്. തനത് വരുമാനം വർധിപ്പിക്കാതെ നികുതി വർധിപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പട്ടണത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പല കംഫർട്ട് സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്.
മങ്ങാട്ടുകവല ബസ്സ്റ്റാൻഡ് കെട്ടിടം പ്രാഥമിക ഘട്ടം പൂർത്തീകരിച്ചിട്ട് അഞ്ച് വർഷമായെങ്കിലും ബാക്കി ജോലികൾ പൂർത്തീകരിച്ചിട്ടില്ല. കെട്ടിടം വാടകക്ക് നൽകാൻ കഴിയുന്ന നിലയിൽ ഫയർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭ്യമാക്കാൻ ഇനിയുമായിട്ടില്ല. 125 മുറികളുള്ള ഷോപ്പിങ് കോംപ്ലക്സിന് ഡിപ്പോസിറ്റ് ഇനത്തിൽ 5.5 കോടിയാണ് നഗരസഭക്ക് ലഭിക്കാവുന്നത്. തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ 2019ൽ നിർമ്മാണം ആരംഭിച്ച കംഫർട്ട് സ്റ്റേഷൻ ഇനിയും നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.