പീരുമേട്: വന്യമൃഗശല്യം രൂക്ഷമായതടക്കം കാരണങ്ങളാൽ പ്ലാക്കത്തടം കോളനിവാസികൾ അതിജീവനത്തിന് ക്ലേശിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യമാണ് ഏറ്റവും ദുരിതം. ഏഴുവർഷമായി കാട്ടാനകൾ നിരന്തരം കൃഷി നശിപ്പിക്കുന്നു. കാർഷിക മേഖലയായ കോളനിയിൽ കൃഷികൾ ഏതാണ്ട് നിലച്ച സ്ഥിതിയാണ്. ആന, കടുവ, കരടി, പന്നി എന്നിവയുടെ സാന്നിധ്യം ജനജീവിതം ദുഷ്കരമാക്കി.
ആനകൾ തെങ്ങ് മറിച്ചിട്ട് നശിപ്പിക്കുന്നത് കേരകൃഷിയെ ബാധിച്ചു. വർഷങ്ങൾ പഴക്കമുള്ള കായ്ഫലമുള്ള തെങ്ങുകൾ നശിപ്പിക്കുന്നത് കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. വാഴ കൃഷിയും പൂർണമായും നശിപ്പിക്കുന്നു. ഇതോടെ വാഴകൃഷിയും കർഷകർ ഉപേക്ഷിച്ചു.
ആനക്കൂട്ടം ഇടവിളകൾ നശിപ്പിക്കുകയും ഇടകയ്യാലകൾ ചവിട്ടി നശിപ്പിക്കുന്നതും കർഷകർക്ക് വിനയായി. കൃഷി നിലച്ചതോടെ കർഷകരുടെയും ഇവിടെ ജോലി ചെയ്തിരുന്നവരുടെ വരുമാനവും നിലച്ചു. പെരിയാർ കടുവ സങ്കേതം മൂന്ന് വശങ്ങളിലും ഒരുവശം എരുമേലി റേഞ്ചിലെ യൂക്കാലി പ്ലാന്റേഷനും ചുറ്റപ്പെട്ടുകിടക്കുന്നതാണ് കാർഷിക മേഖലയായ പ്ലാക്കത്തടം ഗ്രാമം.
ഉയർന്ന മലനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ ഹൈറേഞ്ചിലെ തണുത്ത കാലാവസ്ഥയല്ല. നാട്ടിൻപുറത്തെ ചൂട് കാലാവസ്ഥയാണ്. ഇക്കാരണത്താൽ തെങ്ങ് ഉൾപ്പെടെ കൃഷികളാണ് വ്യാപകമായി ചെയ്യുന്നത്. കുരുമുളക്, കമുക്, റബർ, കൊക്കോ, മഞ്ഞൾ, ഇഞ്ചി, പച്ചക്കറി കൃഷികളും യഥേഷ്ടം ചെയ്തിരുന്നു. കാട്ടുപന്നി ശല്യംമൂലം വർഷങ്ങൾക്ക് മുമ്പ് കപ്പ കൃഷി ഉപേക്ഷിച്ചു.
ഏഴ് പതിറ്റാണ്ടു മുമ്പ് ജനവാസം ആരംഭിച്ചെങ്കിലും 2017ലാണ് കാട്ടാനകൾ കോളനിയിൽ ശല്യമായി തുടങ്ങിയത്. ഏഴു വർഷമായി നിരന്തരം ആനശല്യം തുടരുകയാണ്. രാത്രിയിൽ കൃഷിഭൂമിയിൽ ഇറങ്ങുന്ന ആന കോളനി നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ തുരത്തുമെങ്കിലും അടുത്ത ദിവസം വീണ്ടും തിരികെ എത്തുകയാണ്.
1951ലാണ് പ്ലാക്കത്തടത്ത് ജനവാസം ആരംഭിക്കുന്നത്. മല അരയ വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ് ഇവിടെ എത്തി കൃഷി ആരംഭിച്ചത്. ഇപ്പോൾ 65 കുടുംബങ്ങളുണ്ട്. കോളനി നിവാസികൾ മല അരയ വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്.
തോട്ടാപ്പുരയിൽനിന്ന് കോളനിയിലേക്ക് മൂന്നു കിലോമീറ്റർ ഒറ്റയടിപ്പാതയായിരുന്നു. മലഞ്ചരുവിലെ പാറക്കെട്ടിലൂടെയുള്ള കൊക്കക്ക് മുകളിലൂടെയുള്ള പാതയിലൂടെ രോഗികളെ കസേരയിൽ ഇരുത്തിയും കാർഷിക വിളകൾ തലച്ചുമടുമായുമാണ് തോട്ടാപ്പുരയിലെ റോഡിൽ എത്തിച്ചിരുന്നത്.
1997ൽ വൈദ്യുതി ലഭിച്ചു. 2017ൽ റോഡിന്റെ നിർമാണം പൂർത്തിയായി ഇടുങ്ങിയതും കൊടുംവളവും കുത്തുകയറ്റവുമുള്ള റോഡിൽ ജീപ്പ്, കാർ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവക്ക് മാത്രമാണ് സഞ്ചരിക്കാൻ സാധിക്കുന്നത്.
കാർഷിക വിപണനകേന്ദ്രം അടഞ്ഞു കിടക്കുന്നു
കോളനിയിൽ ഉൽപാദിപ്പിക്കുന്ന കാർഷിക വിളകൾ സംഭരിക്കാനും വിപണനം ചെയ്യാനും നിർമിച്ച വിപണന കേന്ദ്രത്തിന് കെട്ടിടം നിർമിച്ചെങ്കിലും പ്രവർത്തനം ആരംഭിച്ചില്ല. കെട്ടിടം അടഞ്ഞു കിടക്കുന്നു.
വിപണനകേന്ദ്രം തുറന്ന് പ്രവർത്തിച്ചാൽ മികച്ച വിലയും തൊഴിലവസരങ്ങളും ഉണ്ടാകും. വ്യാപാരികൾ കോളനിയിൽ എത്തിയാണ് നാണ്യവിളകളും കാർഷിക വിളകളും വാങ്ങുന്നത്. ഇതിനാൽ വില കുറച്ച് നൽകേണ്ടി വരുന്നു. കോളനിക്ക് സമീപത്തെ വനത്തിൽനിന്ന് ശേഖരിക്കുന്ന തേൻ, കുന്തിരിക്കം, പൈൻ പൂവ്, കുടംപുളി തുടങ്ങിയവയും കുറഞ്ഞ വിലയിലാണ് വിൽക്കുന്നത്.
പട്ടയം കിട്ടാക്കനി
താമസം തുടങ്ങി 74 വർഷം പിന്നിടുമ്പോഴും കോളനി നിവാസികൾക്ക് ഭൂമിയിൽ ഉടമാവകാശം ലഭിച്ചിട്ടില്ല. പട്ടയം ഇല്ല. വനാവകാശ രേഖയും നൽകിയിട്ടില്ല. കൈവശരേഖ മാത്രമാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശമായുള്ളത്. ഇവ പ്രകാരം ധനകാര്യ സ്ഥാപനങ്ങൾ വായ്പകൾ നൽകാൻ മടിക്കുന്നു. നാമമാത്രമായ തുക മാത്രം ചില സ്ഥാപനങ്ങൾ നൽകും. കോളനിയിൽ പട്ടയം വിതരണം ചെയ്യണമെന്നത് ദീർഘകാല ആവശ്യമാണ്.
ജീവനും സ്വത്തിനും സംരക്ഷണം വേണം -ഊര് മൂപ്പൻ
കോളനിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ഊര് മൂപ്പൻ കൊടുങ്ങാട്ടുശ്ശേരിയിൽ രാഘവൻ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കോളനിയിൽ ആന കയറുന്നത് തടയാൻ വനാതിർത്തിയിൽ വൈദ്യുതി ഹാക്കിങ് വേലി സ്ഥാപിക്കാൻ നടപടികൾ പൂർത്തിയായിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായെന്ന് ജൂൺ 15ന് വനം വകുപ്പ് അറിയിച്ചെങ്കിലും മൂന്നുമാസം പിന്നിടുമ്പോഴും നിർമാണം ആരംഭിച്ചിട്ടില്ല. വേലി നിർമാണം അടിയന്തരമായി ആരംഭിച്ച് പൂർത്തീകരിക്കണം. ആന കൃഷി നശിപ്പിച്ച കർഷകർക്ക് വിളകളുടെ നഷ്ടം വനം വകുപ്പ് നൽകണമെന്നും ഊര് മൂപ്പൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.