ഇടുക്കി മെഡിക്കൽ കോളജ്
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ എച്ച്.എം.സി (ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി) യോഗം മുടങ്ങിയിട്ട് ആറുമാസം. മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾ ഇതോടെ താളം തെറ്റി. കലക്ടർ ചെയർമാനായ കമ്മിറ്റിയിൽ ഭരണ- പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയിലെ എല്ലാ അംഗങ്ങളുമടക്കം ഇരുപത്തഞ്ചോളം പേരുണ്ട്. എച്ച്.എം.സി യോഗം വിളിക്കാത്തതിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ കമ്മിറ്റി വിളിക്കണമെന്നാണ് നിർദേശം. പുതിയ കലക്ടര്‍ വന്നശേഷം ഇതുവരെ കമ്മിറ്റി വിളിച്ചിട്ടില്ല. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നിരവധി പരാതികളുണ്ട്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന കാന്റീന് അടച്ചുപൂട്ടണമെന്ന നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കിയില്ല. ആശുപത്രി അധികൃതര്‍ അറിയാതെയാണ് കാന്റീനിലേക്ക് വൈദ്യുതി എടുത്തിരിക്കുന്നത്. പുതുതായി കോളജിലെത്തിയ കുട്ടികളെയാണ് രാത്രിയില്‍ ജോലിക്കാരായി നിര്‍ത്തുന്നത്. രാത്രിയില്‍ കാന്റീന്റെ ബെഞ്ചില്‍ കിടന്നുറങ്ങേണ്ട ഗതികേടിലാണ് വിദ്യാർഥികള്‍. മെഡിക്കല്‍ കോളജില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ മെംബര്‍മാരെ അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കെട്ടിടങ്ങളുടെ നിർമാണ ജോലികൾ ഇഴയുകയാണ്. ഉദ്ഘാടനം നടത്തിയ ഹോസ്റ്റലിന്റെ പണികൾ പോലും പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത ഉദ്ഘാടനം സംബന്ധിച്ച് വാര്‍ത്ത വന്നശേഷമാണ് മെംബര്മാരുള്പ്പെടെ എല്ലാവരും അറിയുന്നത്. 58.5 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ലാപ്രോസ്കോപി മെഷീന്റെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്. മുന്‍ തീരുമാനങ്ങളൊന്നും നടപ്പാക്കുന്നില്ലെന്നും, എച്ച്.എം.സി കണക്കുകള്‍ അവതരിപ്പിക്കുന്നില്ലെന്നും മെംബര്‍മാര്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാണ്. അടിയന്തിരമായി എച്ച്.എം.സി യോഗം വിളിക്കണമെന്ന് കലക്ടറോട് മെംബര്‍മാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.