ഇടുക്കി: ഹർത്താലിനും പ്രതിഷേധങ്ങൾക്കും ഇടയിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആരംഭിക്കുന്ന കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിൽ എത്തിയത്.
ഗവർണറുടെ വരവിനെ എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചാണ് സ്വീകരിച്ചത്. എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് പുറപ്പെട്ട ഗവർണർക്ക് നേരെ വിവിധ പ്രദേശങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നേരത്തെ ഇടുക്കിയിലേക്ക് പോകും ഒന്നിനെയും ഭയമില്ലെന്നും തനിക്ക് യാതൊരു ഭീഷണിയുമില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു.
അതേസമയം തൊടുപുഴയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ രാവിലെ കറുത്ത ബാനർ ഉയർത്തി. വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് ബാനർ ഉയര്‍ത്തിയിരിക്കുന്നത്. ഇതിനിടെ, ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടണമെന്ന ആവശ്യവുമായി രാജ്ഭവനിലേക്ക് എൽ.ഡി.എഫ് ജില്ല നേതാക്കളുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തുന്നുണ്ട്. ഇതിനിടെലാണ്, ഗവർണർ ഇടുക്കിയിലേക്ക് എത്തിയത്. ഭൂനിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ഹർത്താലെന്നാണ് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
ഗവർണറെ ഇടുക്കിയിലേക്ക് ക്ഷണിച്ച വ്യാപാരികളുടെ നടപടി ശരിയല്ലെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുമ്പോൾ, പരിപാടി നേരത്തേതന്നെ നിശ്ചയിച്ചിരുന്നതാണെന്നാണ് വ്യാപാരി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഗവർണറും സർക്കാറും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇടുക്കിയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
ഗവർണറുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ചതറിഞ്ഞ് ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് അതേ ദിവസംതന്നെ ഇടുക്കിയിലേക്ക് എത്തുന്നതെന്നാണ് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്റെ പ്രതികരണം. വ്യപാരികളുടെ പരിപാടിയിൽ പങ്കെടുക്കാൻ പരമാവധി പ്രവർത്തകരെ തൊടുപുഴയിൽ എത്തിക്കുമെന്നും പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലും വ്യക്തമാക്കി.
പാൽ, പത്രം, ആശുപത്രികൾ, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, വിവാഹ യാത്രകൾ, മരണാനന്തര ചടങ്ങുകൾ, ശബരിമല ഉൾപ്പെടെ തീർഥാടക വാഹനങ്ങൾ എന്നിവരെ ഹർത്താലിൽനിന്ന് പൂർണമായി ഒഴിവാക്കിയതായി എൽ.ഡി.എഫ് അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിപ്പിച്ചിരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.