കട്ടപ്പന: കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതി 2023 വ്യവസ്ഥകള്‍ അനുസരിച്ച് കൃഷിക്കാരും കച്ചവടക്കാരും ആദിവാസികളും അടക്കം വനംവകുപ്പിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് തങ്ങളുടെ ഭൂമി വേര്‍പ്പെടുത്തി കിട്ടണമെന്നാവശ്യപ്പെട്ടുള്ള പരാതികള്‍ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഞ്ചുരുളിയില്‍ നിന്ന് 14ന് ആരംഭിക്കുമെന്ന് വിവിധ കര്‍ഷക സാമൂഹിക സംഘടന നേതാക്കള്‍ അറിയിച്ചു.
വന നിയമത്തിലെ ഭേദഗതി പ്രകാരം 1996 ഡിസംബര്‍ 12ന് മുമ്പ് വനഭൂമിയില്‍ ഉണ്ടായിരുന്ന കര്‍ഷകരും ആദിവാസികളും കച്ചവടക്കാരും അടക്കമുള്ളവര്‍ക്ക് അവരുടെ ഭൂമി അവകാശങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കി വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിന് അവസരമുണ്ട്. ഇത്തരം വനേതര പ്രവര്‍ത്തനം നടത്തിയിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്രസര്‍ക്കാറിനും സുപ്രീംകോടതിക്കും നല്കുന്ന ആവശ്യത്തിനായി കേരളത്തില്‍ ഒരു ഉന്നത അധികാര സമിതി രൂപവത്ക്കരിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മെയ് 16ന് ആറംഗ സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സമിതിയുടെ കാലാവധി സെപ്റ്റംബറില്‍ തീരും. ഒക്ടോബര്‍ 14ന് കേന്ദ്രസര്‍ക്കാറിനും സുപ്രീംകോടതിക്കും റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. എന്നാല്‍ ഈ സമിതിയെ പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിയിട്ടില്ല. എവിടെ, ആര്‍ക്ക്, ഏതെല്ലാം രേഖകള്‍ സഹിതം പരാതി നല്‍കണം എന്നും വിശദീകരണമില്ല.
സമിതിയുടെ കാലാവധി തീരും മുമ്പായി രേഖകള്‍ ശേഖരിച്ച് ഫലപ്രദമായി പരാതി നല്കാന് കര്‍ഷകര്‍ക്കും താമസക്കാര്‍ക്കും കഴിയണമെന്നില്ല. ഈ സാഹചര്യത്തിലാണ് നിയമത്തിന്റെ ആനുകൂല്യം കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ആദിവാസികള്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി സംഘടനകള്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. ജില്ലയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ ഈ നിയമത്തിന്റെ ആനുകൂല്യത്തിന് അര്‍ഹരാണ്. ഇവരുടെ ഭൂമി അവകാശങ്ങള്‍ സംബന്ധിച്ച രേഖകള്‍ വിവിധ വകുപ്പുകളില്‍ നിന്ന് ശേഖരിച്ച് പരാതി നല്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ തുടങ്ങുന്നത്.
1980 ഒക്ടോബര്‍ 24നോ അതിനുശേഷമോ വനമായി പ്രഖ്യാപിക്കപ്പെട്ട ഭൂപ്രദേശത്ത് 1996 ഡിസംബര്‍ 12ന് മുമ്പ് ആരെങ്കിലും താമസിക്കുകയോ കാലി വളര്‍ത്തുകയോ കച്ചവടം ചെയ്യുകയോ ഒക്കെ ചെയ്തിരുന്നതായി തെളിഞ്ഞാല്‍ ആ ഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിക്ക് പുറത്തായിരിക്കുമെന്നാണ് നിയമഭേദഗതിയിലെ സുപ്രധാന ഭാഗം. ഇടുക്കിയിലെ സി.എച്ച്.ആര് പ്രദേശം ഉള്‍പ്പെടെ ഭൂരിപക്ഷം ഹൈറേഞ്ച് പ്രദേശങ്ങളും ഈ നിയമ ആനുകൂല്യത്തിന്റെ പരിധിയില്‍ വരും.
രേഖകള്‍ സമാഹരിച്ച് സര്‍ക്കാര്‍ രൂപവത്ക്കരിച്ച ആറംഗം സമിതിക്ക് മുമ്പാകെ നല്കുന്ന പരാതികള്‍ കര്‍ഷകരില്‍ നിന്ന് പഞ്ചായത്ത് അംഗം ഷാജിമോന്‍ സ്വീകരിച്ചായിരിക്കും പരിപാടി ഉദ്ഘാടനം ചെയ്യുകയെന്ന് അഡ്വ. ഷൈന്‍ കുമളി, കാഞ്ചിയാര്‍ പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍, ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, വിനിരാജ് മണിമലയില്‍, ഷാജി ചൂരക്കാട്ട്, ജോയിച്ചന്‍ കാടങ്കാവില്‍, ബിബിന്‍സ് കൊച്ചുചേന്നാട്ട്, ബാബു പുളിമൂട്ടില്‍, കെ.പി. ഫിലിപ്പ്, ചിത്ര കൃഷ്ണന്‍കുട്ടി, പ്രവീണ്‍ എട്ടിയില്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.