കട്ടപ്പന: തൊഴിലാളികൾക്ക് ഇടിത്തീയായി, പീരുമേട് ടീ കമ്പനി തുറക്കാനുള്ള സാധ്യത അടയുന്നു. ഇതോടെ 24 വർഷമായി പൂട്ടിക്കിടക്കുന്ന കമ്പനിയുടെ ചീന്തലാർ, ലോൺട്രി ഫാക്ടറികൾ പൊളിച്ചുവിൽക്കാൻ നടപടി തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് ഫാക്ടറികൾ പൊളിച്ചുവിൽക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് രണ്ട് ഫാക്ടറികളും.
2000 ഡിസംബറിൽ ഉടമ തോട്ടം ഉപേക്ഷിച്ചു പോകുമ്പോൾ 1300 സ്ഥിരം തൊഴിലാളികളും അത്രതന്നെ താൽക്കാലിക തൊഴിലാളികളും 33 ഓഫിസ് ജീവനക്കാരും കമ്പനിയിൽ ഉണ്ടായിരുന്നത്. അതിനുശേഷം രണ്ട് പ്രാവശ്യം വാടക വ്യവസ്ഥയിൽ കമ്പനി തുറന്നെങ്കിലും വാടകക്കാരനും തോട്ടം ഉപേക്ഷിച്ചുപോയി. തുടർന്ന് ഇത് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭം തൊഴിലാളികൾ നടത്തി. എന്നെങ്കിലും തോട്ടം തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ.
ഫാക്ടറി പൊളിക്കാനുള്ള നടപടികളുടെ ഭാഗമായി കൊളുന്ത് സംസ്കരിക്കുന്ന സി.ടി.സി മെഷീൻ ഉൾപ്പെടെ സാമഗ്രികൾ, വിലയ്ക്ക് വാങ്ങിയ കമ്പനിയുടെ എൻജിനീയറിങ് ഉദ്യോഗസ്ഥർ പരിശോധിച്ചു. അതേസമയം ജനറേറ്ററുകൾ, മോട്ടോറുകൾ ഉൾപ്പെടെ വിലപിടിപ്പുള്ള പലതും മോഷണം പോയിട്ടുണ്ടെന്ന് ഫാക്ടറി വാങ്ങിയവർ പറയുന്നു. ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. തോട്ടത്തിലെ തൊഴിലാളികൾക്ക് സംയുക്ത ട്രേഡ് യൂനിയൻ വീതിച്ചുനൽകിയ രണ്ട് ഏക്കർ വരുന്ന പ്ലോട്ടുകളിൽനിന്ന് കൊളുന്ത് നുള്ളി വിൽപന നടത്തിയും കൂലിപ്പണി ചെയ്തുമാണ് അന്നുമുതൽ ഈ തൊഴിലാളികൾ ഉപജീവനം നടത്തുന്നത്. എന്നെങ്കിലും തോട്ടം തുറക്കുമെന്നും തങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.