കട്ടപ്പന: പെരിയാർ തീരം കൈയേറി കെട്ടിടം നിർമിച്ച കെ. ചപ്പാത്തിൽ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് വീണ്ടും നിർമാണം. റവന്യൂ ഉദ്യോഗസ്ഥരും കെട്ടിട ഉടമയും തമ്മിൽ രഹസ്യ ധാരണയെന്ന് ആരോപണം. കോടതിയെയും ജില്ല ഭരണകൂടത്തെയും നോക്കുകുത്തിയാക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് വീണ്ടും ബഹുനില കെട്ടിട നിർമാണം തുടങ്ങി. പെരിയാറിന്റെ സംരക്ഷണ മേഖലയിൽ ചപ്പാത്ത് സിറ്റിയിലാണ് സ്വകാര്യ വ്യക്തി ബഹുനില കെട്ടിട നിർമാണത്തിനായി നദി കൈയേറി കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്നത്.
ചപ്പാത്ത് ടൗണിൽ പെരിയാർ കൈയേറി രണ്ട് കെട്ടിടങ്ങൾ പണിതുയർത്തുന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ജില്ല ഭരണകൂടം ഇടപെട്ട് വില്ലേജ് ഓഫിസിൽനിന്ന് നിർമാണം നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ, ഇതേ സ്ഥലത്ത് വീണ്ടും കഴിഞ്ഞ ദിവസം നിർമാണം ആരംഭിക്കുകയായിരുന്നു. പെരിയാറിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി തീരത്തോട് ചേർന്നാണ് ബഹുനില കെട്ടിട നിർമാണത്തിനായി കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്നത്. നിലവിൽ തൂണുകൾ കോൺക്രീറ്റ് ചെയ്യാനുള്ള കമ്പികൾ കെട്ടിയിട്ടിരിക്കുകയാണ്.
നിർമാണം നടക്കുമ്പോഴും അയ്യപ്പൻകോവിൽ പഞ്ചായത്തോ വില്ലേജ് അധികൃതരോ കണ്ടില്ലെന്ന് നടിക്കുകയാണ്. നിർമാണത്തിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സഹായിക്കുകയാണെന്ന് മുമ്പ് ആരോപണം ഉയർന്നിരുന്നു. വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഭൂമാഫിയയും ചേർന്ന് നടത്തുന്ന വൻകിട ഇടപാടുകളാണ് കോടതി നിർദേശത്തെയും ജില്ല ഭരണകൂടത്തെയും മറികടന്ന് സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് വീണ്ടും നിർമാണം നടക്കുന്നതിനു പിന്നിലെന്നാണ് പരിസരവാസികൾ വെളിപ്പെടുത്തുന്നത്. വണ്ടിപ്പെരിയാർ മുതൽ ഉപ്പുതറ വരെ പെരിയാർ തീരത്ത് നിരവധി കെട്ടിടങ്ങളാണ് പണിതുയർത്തിയിട്ടുള്ളത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ ഇവയൊന്നും കാണാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.