കട്ടപ്പന: നഗരസഭയിലെ ആറാം വാർഡിൽ നത്തുകല്ലിൽ സ്വകാര്യ സ്ഥലത്തെ പൊതുകുളം മൂടാൻ നടന്ന നീക്കം നഗരസഭ തടഞ്ഞു. കടുത്ത വേനലിലും കട്ടപ്പന നഗരസഭയിലാകെ വെള്ളമെത്തിക്കാൻ കഴിയുന്ന കുളം മൂടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം കൗൺസിലർ ഷൈനി സണ്ണി ചെറിയാൻ ഇടപെട്ട് നഗരസഭ തടയുകയായിരുന്നു. ഷൈനി സണ്ണി ചെറിയാന്റെ വാർഡിലാണ് സംഭവം. വിഷയം നഗരസഭ കൗൺസിലിൽ അജണ്ടയായി അവതരിപ്പിച്ചതോടെ കുളം സംരക്ഷിക്കാനുള്ള നീക്കമാരംഭിച്ചത്. ആറാം വാർഡിൽ നത്തുകല്ലിലാണ് സ്വകാര്യ സ്ഥലത്തെ പൊതുകുളം വർഷങ്ങൾക്കു ശേഷം കാടുവെട്ടിതെളിച്ചപ്പോൾ വ്യക്തമായത്.
വിച്ചാട്ട് ബെന്നിയുടെ വസ്തുവിൽ ഇറിഗേഷൻ വകുപ്പിൽനിന്നും പ്രദേശം ജില്ല പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്ന കാലഘട്ടത്തിൽ പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് കുളം നിർമിച്ചത്. എന്നാൽ, വർഷങ്ങൾക്കു ശേഷം ഈ കുളം കാടുമൂടി. പ്രദേശത്ത് താമസക്കാർ മാറി മാറി വന്നതിനാൽ കുളത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രദേശം വെട്ടിത്തെളിക്കുകയും കുളം മൂടാനുള്ള ശ്രമവും നടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അന്വേഷിച്ചതെന്നും കുളത്തിൽ ഉലുപയോഗിച്ചിരിക്കുന്ന കരിങ്കല്ല് വിൽപന നടത്താൻ ശ്രമിക്കുന്നതായും കുളം സംരക്ഷിക്കണമെന്നുമാണ് ഷൈനി സണ്ണി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടത്.
ഇതേ തുടർന്ന് നഗരസഭ സെക്രട്ടറിയും എൻജിനീയറിങ് വിഭാഗവും സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. കുളം ഇറിഗേഷൻ വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചതാണെന്നും ഇത് സംരക്ഷിക്കാൻ നഗരസഭ അടിയന്തര ഇടപെടൽ നടത്തുമെന്ന് ഉറപ്പ് ലഭിച്ചതായും വിഷയം കലക്ടർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തുമെന്നും കൗൺസിലർ പറഞ്ഞു. കുളം നവീകരിച്ച് സംരക്ഷിച്ചാൽ പ്രദേശത്തെയും നഗരസഭയുടെ വിവിധ മേഖലകളിലും ഉൾപ്പെടെ ജലക്ഷാമം പരിഹരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.