അടിമാലി: യാത്രാസൗകര്യമുള്ള റോഡിനായി മാങ്കുളം നിവാസികളുടെ കാത്തിരിപ്പ് തുടരുന്നു. മാങ്കുളം ആറാം മൈൽ-കള്ളകുട്ടിക്കുടി റോഡ് അടക്കം ഗ്രാമ പ്രദേശങ്ങളിലേക്കും ആദിവാസി സങ്കേതങ്ങളിലേക്കുമുള്ള റോഡുകൾ എല്ലാം തന്നെ തകർന്നും ഗതാഗതയോഗ്യമല്ലാതായും കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. 2018ൽ ഉണ്ടായ മഹാ പ്രളയവും ഉരുൾപൊട്ടലുമാണ് നാലുവശവും വനത്താൽ ചുറ്റപ്പെട്ട മാങ്കുളത്തെ ഒറ്റപ്പെടുത്തിയത്. സർക്കാർ പ്രളയത്തിൽ ഉൾപ്പെടുത്തി റോഡുകൾ നന്നാക്കുമെന്ന് അറിയിച്ചെങ്കിലും ഒരു റോഡിന് മാത്രമാണ് ഫണ്ട് അനുവദിച്ചത്. കല്ലാറിൽനിന്ന് തുടങ്ങി മാങ്കുളം വഴി ആനക്കുളത്ത് എത്തിച്ചേരുന്ന പൊതുമരാമത്ത് വകുപ്പ് റോഡ് മാത്രമാണ് പഞ്ചായത്തിൽ ഗതാഗതയോഗ്യമായ ഏക റോഡ്.
മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആറാംമൈൽ അമ്പതാംമൈൽ മേഖലയിലെ കുടുംബങ്ങൾ പുറം ലോകത്തേക്കുള്ള യാത്രക്ക് പ്രധാനമായി ഉപയോഗിക്കുന്ന ഈ റോഡ് ഒരു ഭാഗം ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട് കിടക്കുകയാണ്. റോഡ് വികസന ഭാഗമായി സംരക്ഷണ ഭിത്തി നിർമിക്കാൻ മണ്ണ് നീക്കം ആരംഭിച്ചെങ്കിലും ഈ ഭാഗത്ത് 100 മീറ്ററോളം പൂർണമായി ഇടിഞ്ഞു. 2018ലെ പ്രളയകാലം മുതൽ തങ്ങൾ യാത്രായോഗ്യമായ ഒരു റോഡിനായി കാത്തിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റോഡ് നിർമാണം ആരംഭിച്ചതോടെ യാത്രക്ലേശത്തിന് പരിഹാരം ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാൽ, ഉള്ള റോഡും ഇല്ലാത്ത അവസ്ഥയിലായി. ചിക്കണംകുടി സർക്കാർ എൽ.പി സ്കൂളിലേക്ക് കൂടിയുള്ള റോഡാണ് പാതിവഴിയിൽ നിലച്ച് കിടക്കുന്നത്. ചിക്കണംകുടി, കള്ളകുട്ടിക്കുടി തുടങ്ങി വിവിധ ആദിവാസി മേഖലകളിൽനിന്നുള്ള ആളുകൾ ഉൾപ്പെടെ തകർന്ന് കിടക്കുന്ന ഈ റോഡിലൂടെയാണ് പുറംലോകത്തേക്ക് യാത്ര ചെയ്യുന്നത്. റോഡില്ലാതായതോടെ ബസ് സർവിസുകൾ നിലച്ചു. സ്കൂൾ ബസുകൾ ഓട്ടം അവസാനിപ്പിച്ചു. ഒരു പോക്കറ്റ് റോഡിലൂടെയാണ് ഇവരുടെ ഇപ്പോഴത്തെ കാൽനട.
15ലേറെ പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡാണ് കോഴിയള-പാമ്പുങ്കയം. കാട്ടുകല്ലുകൾ നിരത്തി നിർമിച്ച റോഡിൽ മണ്ണും കല്ലുമെല്ലാം ഒലിച്ചുപോയി. മൂന്ന് കിലോമീറ്റർ റോഡിൽ ഒരു കല്ലിൽനിന്ന് മറ്റൊരു കല്ലിലേക്ക് ചാടിച്ചാടിയാണ് യാത്ര.
അവികസിത ആദിവാസി കോളനിയായ കുറത്തിക്കുടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ജലവൈദ്യുതി പദ്ധതി വന്നതോടെ വൈദ്യുതി വകുപ്പ് കുറത്തിക്കുടിയിലേക്ക് അഞ്ച് കിലോമീറ്റർ റോഡ് വീതി കൂട്ടി നിർമിച്ചു. എന്നാൽ ടാറിങ്, മെറ്റലിങ് എന്നിവ നടത്തിയില്ല. മഴ പെയ്തതോടെ കണ്ടത്തിന് സമാനമായി റോഡ് മാറി. വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ നിത്യസംഭവമായി മാറി. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ മാത്രം അഞ്ച് വാഹനങ്ങൾ ഓടുന്നുണ്ട്. അല്ലാതെയും നിരവധി വാഹനങ്ങൾ ഓടുന്ന പാതയിൽ അപകടം വിളിപ്പാടകലെയാണ്.
മാങ്കുളം പഞ്ചായത്തിലെ ഏറ്റവും ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള റോഡാണിത്. ഈ റോഡിന്റെ നിർമാണം പഞ്ചായത്ത് തുടങ്ങിയിരുന്നു. എന്നാൽ, പണം പൂർണമായി നൽകിയാലേ പണി പൂർത്തിയാക്കുകയുള്ളൂവെന്ന കരാറുകാരന്റെ നിലപാട് തിരിച്ചടിയായി. ടൈൽ വിരിക്കുന്നതിന് കുത്തിയിളക്കിയിട്ട റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നു.
ആദിവാസി കോളനികളെ ബന്ധിപ്പിച്ചുള്ള കോഴിയളക്കുടി റോഡും തകർന്ന് കിടക്കുകയാണ്. 13 ആദിവാസി കോളനികളാണ് പഞ്ചായത്ത് പരിതിയിലുള്ളത്. ഒരിടത്തേക്കും സുഗമമായ യാത്ര സൗകര്യമില്ല. ഫണ്ടുകൾ ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ ആദിവാസികളുടെ യാത്ര പ്രശ്നമെങ്കിലും പരിഹരിക്കാൻ കഴിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.