പീരുമേട്: ആവശ്യത്തിന് സർവേ ജീവനക്കാർ ഇല്ലാത്തതിനാൽ പീരുമേട് താലൂക്കിലെ ഒമ്പത് വില്ലേജുകളിൽ പട്ടയ നടപടികൾ വൈകുന്നു. പീരുമേട്, കുമളി, പെരിയാർ, മഞ്ചുമല, പെരുവന്താനം, കൊക്കയാർ, മ്ലാപ്പാറ, ഏലപ്പാറ, ഉപ്പുതറ വില്ലേജുകളിലേക്ക് പട്ടയംനൽകുന്ന നടപടികളാണ് ഇതോടെ പ്രതിസന്ധിയിലായത്.
ഈ വില്ലേജുകളിൽനിന്നായി 14,000 പട്ടയ അപേക്ഷകളാണ് പീരുമേട്ടിൽ പ്രവർത്തിക്കുന്ന ഭൂമി പതിവ് ഓഫിസിൽ നിലവിലുള്ളത്. നിലവിൽ രണ്ട് സർവേയർമാരുടെ സേവനം മാത്രമാണ് പീരുമേട്ടിൽ ലഭ്യമായിട്ടുള്ളത്. പീരുമേടിന്റെ ചുമതല നൽകിയിട്ടുള്ള ഹെഡ് സർവേയർക്ക് ജില്ലയിൽ മറ്റു രണ്ട് ഭൂമിപതിവ് ഓഫീസുകളുടെ ചുമതല കൂടിയുണ്ട്.
ദേവികുളം, കരിമണ്ണൂർ എന്നീ ഓഫീസുകളുടെ ചുമതലകൾ കൂടിയുള്ള സർവേയറുടെ സേവനം പീരുമേട്ടിൽ മാസത്തിൽ ചുരുക്കംചില ദിവസങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്. പീരുമേട്ടിൽ ചുമതലയിലുണ്ടായിരുന്ന ഹെഡ് സർവേയർ സ്ഥലംമാറി പോയി. പട്ടയത്തിനായി ഭൂമിപതിവ് ഓഫീസിൽ ലഭിക്കുന്ന അപേക്ഷകൾ വില്ലേജ് തിരിച്ച് ഹെഡ് സർവേയർ, സർവേയർമാർക്ക് നൽകും. സർവേയർമാർ സ്ഥലം അളന്നുതിട്ടപ്പെടുത്തി തുടർനടപടികൾക്കായി നൽകണം. ഈ ഫയലിലാണ് ഭൂമിപതിവ് കമ്മിറ്റി ശിപാർശ നൽകേണ്ടത്. സർവേയർമാർ ഇല്ലാത്തതിനാൽ ഈ ജോലികൾ ഇഴയുകയാണ്. ഇതോടെ വർഷങ്ങളായി പട്ടയ അപേക്ഷ നൽകി കാത്തിരിക്കുന്ന അപേക്ഷകർ ഭൂമിപതിവ് ഓഫിസ് കയറിയിറങ്ങി വലയുകയാണ്.
പീരുമേട്ടിൽ ആയിരം പട്ടയങ്ങൾ നൽകുമെന്നായിരുന്നു കഴിഞ്ഞ പട്ടയമേളയിലെ പ്രഖ്യാപനം. എന്നാൽ ചെറുതോണി, നെടുങ്കണ്ടം എന്നിവിടങ്ങളിൽനടന്ന പട്ടയമേളകളിൽ പീരുമേട്ടിൽ 506 പട്ടയങ്ങൾ മാത്രമാണ് നൽകാനായത്.
പ്രതിഷേധമുയർന്നതോടെ വാഴൂർ സോമൻ എം.എൽ.എ വിവരം വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും സർവേയർമാരുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും പീരുമേട്ടിൽ ഹെഡ് സർവേയറുടെ സേവനം ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.