പീരുമേട്: ശബരിമല തീർഥാടകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുമളി-മുണ്ടക്കയം റൂട്ട് മണ്ഡലകാലം മുഴുവൻ മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണത്തിൽ. ഗതാഗതക്രമീകരണത്തിനും മാർഗ്ഗനിർദേശങ്ങൾ നൽകാനുമായി ഈ റൂട്ടിൽ 24 മണിക്കൂർ സേവനവുമായി മോട്ടോർ വാഹന വകുപ്പിന്റെ ‘സേഫ് സോൺ പദ്ധതി’ക്ക് തുടക്കമിട്ടു.
പശ്ചിമഘട്ട റോഡിന്റെ പ്രത്യേകതകൾ, ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അപകടസാധ്യത സംബന്ധിച്ച വിവരങ്ങൾ നൽകുക, അമിതവേഗം നിയന്ത്രിക്കുക, കെ.കെ റോഡിലെ അശാസ്ത്രീയ പാർക്കിങ്ങുകൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കുക, തകരാറിലാകുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുക, ഡ്രൈവർമാർക്ക് സുരക്ഷാനിർദേശം, അപകടവളവുകളിൽ ജീവനക്കാരുടെ സാന്നിധ്യം എന്നിവയാണ് സേഫ് സോൺ പദ്ധതി വഴി നടപ്പിലാക്കുന്നത്. രണ്ടുപേർ വീതമുളള നാലംഗ ടീം മുഴുവൻ സമയവും പട്രോളിങ് നടത്തും. കൂടാതെ കൺട്രോൾ മുറിയിൽ 24 മണിക്കൂറും ജീവനക്കാരുടെ സേവനവും ഉണ്ടാകും.
കുട്ടിക്കാനത്തിന് പുറമെ എരുമേലി, ഇലവുങ്കൽ എന്നിവിടങ്ങളിലും സേഫ് സോൺ പദ്ധതിയുണ്ട്. എരുമേലിയിൽ- ആറ്, ഇലവുങ്കൽ- എട്ട് എന്നിങ്ങനെ ടീമിനെ നിയോഗിച്ചു കഴിഞ്ഞു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശനാണ് സേഫ് സോൺ പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. ഇടുക്കി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എം. ഷബീറും ഇടുക്കി ജില്ല എൻഫോഴ്സ്മെന്റ് ഓഫിസർ കെ.കെ. രാജീവ്, പഞ്ചായത്ത് അംഗം ജെ. തോമസ്, അസി. മോട്ടർ ഇൻസ്പെക്ടർ ഉല്ലാസ് ഡി. ചരളേൽ എന്നിവർ സന്നിഹിതരായി.
പുതിയ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നു
പീരുമേട്: കെ.കെ റോഡിൽ തകർന്ന ക്രാഷ് ബാരിയറുകൾ മാറ്റി സ്ഥാപിക്കുന്ന നടപടി തുടങ്ങി. കുട്ടിക്കാനം മുതൽ പെരുവന്താനം വരെ പ്രദേശങ്ങളിൽ വാഹനങ്ങൾ ഇടിച്ചും കാലപ്പഴക്കം കൊണ്ടും നശിച്ച ക്രാഷ് ബാരിയറുകൾക്ക് പകരം പുതിയവ സ്ഥാപിക്കുന്നതിനൊപ്പം റോഡിലേക്ക് വളർന്നുകിടക്കുന്ന മരത്തിന്റെ ശിഖരങ്ങൾ, കാട്ടുചെടികൾ എന്നിവയും വെട്ടിനീക്കുകയാണ്. ഡ്രൈവർമാർക്ക് റോഡിലെ കാഴ്ചകൾ കാണാൻ കഴിയാത്ത വിധം കാട്ടുചെടികൾ വളർന്ന് മുന്നറിയിപ്പ് സംവിധാനങ്ങളും അടയാള ബോർഡുകളും മറച്ചതടക്കമാണ് നീക്കിയത്.
പൊലീസ് ക്ലസ്റ്റർ റെഡി
പീരുമേട്: ശബരിമല തീർഥാടകരുടെ സുരക്ഷക്കായി ആദ്യഘട്ടത്തിൽ പൊലീസിന്റെ 10 ക്ലസ്റ്റർ. കുമളി, വണ്ടിപ്പെരിയാർ, പുല്ലുമേട്, സത്രം, പീരുമേട്, കുട്ടിക്കാനം, പെരുവന്താനം എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് ക്ലസ്റ്റർ നിലവിൽ വന്നത്. ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 412 സേനാംഗങ്ങൾ, 150 സ്പെഷൽ പൊലീസ് അംഗങ്ങൾ എന്നിവരെയും നിയോഗിച്ചു.
സത്രത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ അടുത്ത ഘട്ടത്തിൽ നിയോഗിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. സുരക്ഷ ചർച്ച ചെയ്യാൻ എറണാകുളം റേഞ്ച് ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.