തൊടുപുഴ: ജില്ലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും മഴ കനത്തു. ശനിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിരുന്നു. ഉടുമ്പൻചോല-6 മി.മീ., ദേവികുളം 49.2, പീരുമേട്-21, ഇടുക്കി-39.6, തൊടുപുഴ-42.4 എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. ജില്ലയിൽ ശരാശരി 31.64 മി.മീ. മഴയാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞും മരം വീണും ഒട്ടേറെ നാശനഷ്ടങ്ങളടക്കം ഉണ്ടായിരുന്നു. എന്നാൽ, അതിന് ശേഷം നേരിയ മഴ മാത്രമാണ് രേഖപ്പെടുത്തിയത്.
മറയൂർ: ശക്തമായ കാറ്റിൽ മറയൂർ-കാന്തല്ലൂർ മേഖലയിൽ വ്യാപക കൃഷിനാശം. കാറ്റിൽ വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങി ഒടിഞ്ഞുവീഴുന്നുണ്ട്. പച്ചക്കറി വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. പോസ്റ്റുകൾ ഒടിഞ്ഞുവീഴുന്നതിൽ വൈദ്യുതി മുടക്കവും പ്രദേശത്ത് പതിവായി.
ഒരാഴ്ചയായി കാറ്റും മഴയും പ്രദേശത്ത് ശക്തമാണ്. ഒരാഴ്ചക്കിടെ ഒട്ടേറെ തവണയാണ് വൈദ്യുതി മുടക്കം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രി മുതൽ പൂർണമായും വൈദ്യുതി മുടങ്ങി. വെള്ളിയാഴ്ച രാത്രി അനുഭവപ്പെട്ട ശക്തമായ കാറ്റിൽ മറയൂർ-മൂന്നാർ റോഡിൽ അഞ്ച് പോസ്റ്റാണ് ഒടിഞ്ഞത്. ഇതോടെ 24 മണിക്കൂറും മറയൂർ, കാന്തല്ലൂർ മേഖലയിൽ വൈദ്യുതി നിലച്ചു. വൈദ്യുതി നിലച്ചതോടെ കാന്തല്ലൂർ മേഖലയിൽ മൊബൈൽ റേഞ്ചും തടസ്സപ്പെടുന്നുണ്ട്. വൈദ്യുതി തടസ്സം നീക്കാൻ ബോർഡ് ജീവനക്കാരും ഉദ്യോഗസ്ഥരും രാപ്പകൽ ജോലിയിൽ ഏർപ്പെടേണ്ട സ്ഥിതിയാണിപ്പോൾ.
മൂന്നാർ: കനത്ത മഴയെത്തുടർന്ന് ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും മലയിടിച്ചിൽ.കലക്ടറുടെ ഉത്തരവിനെത്തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മലയിടിച്ചിൽ ഉണ്ടായത്. രണ്ടാഴ്ച മുമ്പ് ഇവിടെ കനത്ത മണ്ണിടിച്ചിൽ ഉണ്ടാവുകയും നാലുദിവസം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. റോഡിലേക്ക് വീണ മണ്ണും പാറകളും ഭാഗികമായി നീക്കംചെയ്താണ് അന്ന് ഗതാഗതം പുനഃസ്ഥാപിച്ചത്. ഞായറാഴ്ച രാവിലെ ഒരുമണിക്കൂർ ഗതാഗതം നിർത്തിവെച്ച് ഇവിടെ മണ്ണും പാറകളും പൂർണമായി നീക്കംചെയ്തിരുന്നു. ഈ ഭാഗത്ത് തന്നെയാണ് ഉച്ചയോടെ വീണ്ടും ഇടിച്ചിലുണ്ടായത്.
ഈ സമയത്ത് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മൂന്നാറിൽനിന്നും പൂപ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ ആനച്ചാൽ, കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഗ്യാപ് റോഡ് അടച്ചതോടെ ചിന്നക്കനാൽ, സൂര്യനെല്ലി പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.