തൊടുപുഴ : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ല സിവില്‍ സ്റ്റേഷനിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഹരിത ഓഫിസുകളാക്കി മാറ്റുന്നു. ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹരിതകേരളം മുന്‍കൈയ്യെടുത്ത് ഓഫീസുകളിലെ പാഴ്വസ്തുക്കളെല്ലാം സമഗ്രമായി പരിപാലിക്കുന്നത് ഉറപ്പാക്കുന്നത്.
സിവില്‍ സ്റ്റേഷനില്‍ 26 ഓഫിസുകളാണുള്ളത്. ഇവയെ ‘ഹരിത’മാക്കുന്നതിന് മുന്നോടിയായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എ.ഡി.എം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ല ഓഫിസര്‍മാരുടെ യോഗം തീരുമാനിച്ചു. ഹരിത ഓഫിസാക്കുന്നതിനുള്ള മാനദണ്ഡങ്ങളും പ്രവര്‍ത്തനങ്ങളും ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ഡോ. അജയ് പി. കൃഷ്ണ യോഗത്തില്‍ വിശദീകരിച്ചു.
ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ കെ.ആര്. ഭാഗ്യരാജും യോഗത്തില്‍ പങ്കെടുത്തു.
എല്ലാ ഓഫിസുകളിലും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന് നോഡല്‍ ഓഫിസറെ നിയോഗിക്കുന്നതിന് ജില്ല ഓഫിസ് മേധാവികള്‍ക്ക് എ.ഡി.എം നിർദേശം നല്കി. ഇവരുടെ യോഗം എട്ടിന് നടത്തും. ഓഫിസുകളിലെ പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും ഹരിതകര്‍മ സേനക്ക് യൂസര്‍ഫീ നല്കി കൈമാറും. ഓഫിസ് പരിസരത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ പൂന്തോട്ടം, ശലഭോദ്യാനം എന്നിവ നിർമിക്കും. താല്‍ക്കാലികമായി എല്ലാ ഓഫിസുകളിലും ബയോബിന്‍ വെക്കും. വൈകാതെ ജില്ല കലക്ടറുടെ അനുമതിയോടെ സിവില്‍ സ്റ്റേഷന് വളപ്പില്‍ ജൈവമാലിന്യ സംസ്കരണത്തിന് പൊതുസംവിധാനമുണ്ടാക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.