കനത്ത മഴ: കല്ലിക്കണ്ടി പാലം പണിനിർത്തി; താൽക്കാലിക റോഡിലെ ഗതാഗതവും നിരോധിച്ചു

പാനൂർ: ശക്തമായി മഴ പെയ്ത് വെള്ളം കനത്തതോടെ പുതുതായി പണിയുന്ന കല്ലിക്കണ്ടി പാലത്തോടനുബന്ധിച്ച് തയാറാക്കിയ താൽക്കാലിക റോഡ് അപകടത്തിലായി. ഇതോടെ താൽക്കാലിക പാലം വഴിയുള്ള ഗതാഗതം നിർത്തിവെച്ചു. പാറാട് ഭാഗത്തുനിന്ന് കല്ലിക്കണ്ടി, പാറക്കടവ്, കടവത്തൂർ ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾക്കുപോലും എത്താൻ കഴിയാതായി. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് നാദാപുരം, പാറക്കടവ്, കല്ലിക്കണ്ടി ഭാഗങ്ങളിൽനിന്ന് പോകുന്നവർ, കല്ലിക്കണ്ടി കോളജിലേക്ക് പരീക്ഷ എഴുതാൻ പോകുന്നവർ എന്നിവരെ ഇത് സാരമായി ബാധിക്കും. കല്ലിക്കണ്ടി പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ ഓഫിസുകളിലെത്താനും ബുദ്ധിമുട്ടായി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കല്ലിക്കണ്ടിയിൽ പുതിയ പാലം പണിയുന്നതിനായി പഴയ പാലം പൊളിച്ചത്. അന്നു മുതൽ ആരംഭിച്ച പ്രവൃത്തി തുടരുന്നുമുണ്ട്. പുഴയിൽ സ്ഥാപിക്കുന്ന പില്ലറുകളുടെ പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്. ഇതിനിടെയാണ് കാലംതെറ്റി മഴയെത്തിയത്. മഴ കനത്തതോടെ പുഴയിൽ ഒഴുക്ക് ശക്തിയാർജിച്ചു. വെള്ളം തടുത്തുനിർത്തിയ തടയണ കവിഞ്ഞും വെള്ളം എത്തിയതോടെ പാലം പണി നിർത്തുകയായിരുന്നു. വെള്ളം ഉയർന്നതോടെ സമീപത്തായി ചെറുവാഹനങ്ങൾക്ക് പോകാനായി താൽക്കാലികമായുണ്ടാക്കിയ റോഡും അപകടഭീതിയിലായി. ഇതോടെയാണ് ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചത്. പാറാടുനിന്നും കുന്നോത്തുപറമ്പ് വഴിയാണിപ്പോൾ ബസുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ പോകുന്നത്. താൽക്കാലിക പാലം അടച്ചതോടെ ചെറുവാഹനങ്ങളും ഇപ്പോൾ അതുവഴിതന്നെയാണ് പാനൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. താൽക്കാലിക റോഡ് ശാസ്ത്രീയമായല്ല നിർമിച്ചതെന്നും ഇതാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നും ആക്ഷേപമുണ്ട്. ------------------------- ''അനുബന്ധ റോഡ് നിർമാണാവസ്ഥയിൽതന്നെ ദുർബലമായിരുന്നു. മണ്ണിട്ട് നികത്തി ഒരുദിവസം കൊണ്ട് ടാർ ചെയ്തതാണ്. അന്നേ മഴ പെയ്താൽ ഇത് തകരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് അടിയന്തരമായി ക്വാറി വേസ്റ്റിറക്കി ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള സംവിധാനം ഉണ്ടാക്കണം'' സമീർ പറമ്പത്ത് മുസ്‍ലിം ലീഗ് നേതാവ് എൻ.എ.എം കോളജ് ജീവനക്കാരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.