കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തിൽ പിടിമുറുക്കി വനിത ശിശുവികസന വകുപ്പ്. സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ ഓൺലൈനായി കൗൺസലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ യഥാസമയം ഉറപ്പാക്കുന്ന ‘കാതോർത്ത്’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. 2021 ഫെബ്രുവരി അവസാനത്തോടെയാണ് പദ്ധതി ആരംഭിച്ചതെങ്കിലും ഭൂരിഭാഗം സ്ത്രീകൾക്കും ഇത്തരം സംവിധാനങ്ങളെ കുറിച്ച് അറിവില്ല. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിലൂടെ സ്ത്രീകൾക്ക് പണച്ചെലവും യാത്രാക്ലേശവും സമയനഷ്ടവും ഒഴിവാക്കാം. പ്രശ്ന പരിഹാരത്തിനായി പലവട്ടം സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ടി വരില്ല. അടിയന്തര പ്രശ്ന പരിഹാരവും ഈ പദ്ധതിയിലൂടെ സാധ്യമാക്കാം.
സഹായം ലഭിക്കുന്നതിനായി പദ്ധതിക്കായി പ്രത്യേകം രൂപവത്കരിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. kathorthu.wcd.kerala.gov.in എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജില്ല അടിസ്ഥാനത്തിൽ രൂപവത്കരിച്ചിരിക്കുന്ന ഡിസ്ട്രിക്ട് ലെവൽ സെന്റർ ഫോർ വിമൺ ആണ് പദ്ധതിയുടെ മേൽനോട്ടം നടപ്പാക്കുന്നത്. പൊലീസ് സഹായം വേണ്ടവർക്ക് വിമൺ സെല്ലിന്റെ സേവനം പോർട്ടൽ മുഖേന ലഭിക്കും.
രജിസ്റ്റർ ചെയ്ത് കഴിഞ്ഞാലുടൻ ഉപഭോക്താവിന് എസ്.എം.എസും ഇമെയിൽ അറിയിപ്പും ലഭിക്കും. 48 മണിക്കൂറിനകം തന്നെ സേവനം ലഭ്യമാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. അടിയന്തര സഹായം ആവശ്യമായവർക്ക് എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കും. സംസ്ഥാന സർക്കാറിന്റെ പദ്ധതിയായതിനാൽ കേരളത്തിൽ താമസിക്കുന്ന സ്ത്രീകൾക്ക് തികച്ചും സൗജന്യമായി സേവനങ്ങൾ ലഭിക്കും.
ഉപഭോക്താവ് നൽകുന്ന വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് മാത്രമായിരിക്കും കൈമാറുക. വിവരങ്ങൾ പൂർണമായും സ്വകാര്യമായി തന്നെ സൂക്ഷിക്കുന്നതിനാൽ ധൈര്യത്തോടെ പരാതികൾ പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.