ലിയോ തിരികെയെത്തി; ആദിത്യ ഫുൾ ഹാപ്പി

തലശ്ശേരി: സിനിമ നിർമാതാവും കരാറുകാരനുമായ പുന്നോൽ താഴെവയൽ ആദിത്യയിൽ ടി.എം. പ്രദീപന്റെ മകൾ ഒമ്പതാം ക്ലാസുകാരി ആദിത്യയുടെ സങ്കടവും പരാതിയുമെല്ലാം 'ലിയോ' തിരികെയെത്തിയപ്പോൾ അലിഞ്ഞില്ലാതായി. ഒരാഴ്ച മുമ്പ് നഷ്ടമായെന്ന് കരുതിയ വളർത്തുപൂച്ച 'ലിയോ'​യെ തിരിച്ചുകിട്ടിയപ്പോൾ അതിരില്ലാത്ത ആഹ്ലാദമായിരുന്നു അവളുടെ മുഖത്ത്. ലിയോയുടെ ശബ്ദം കേട്ട് മകളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞപ്പോൾ മാതാപിതാക്കൾക്കും സന്തോഷം. പുന്നോൽ കൂലോത്ത് ക്ഷേത്രത്തിനുസമീപത്തെ വീട്ടുമുറ്റത്ത് നിന്നാണ് പൂച്ചയെ തിരിച്ചുകിട്ടിയത്. പൂച്ചയെ എടുത്തുകൊണ്ടുപോയവർ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. പൂച്ചയുടെ കഴുത്തിലെ ബെൽറ്റ് ഊരിമാറ്റിയ നിലയിലാണ്. മുഖത്തും കൈകാലുകൾക്കും മുറിവേറ്റതിന്റെയും ഭക്ഷണം കഴിക്കാത്തതിന്റെയും അവശതയുണ്ട്. വ്യാഴാഴ്ച ന്യൂ മാഹിയിലെ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോൾ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ആദിത്യയുടെ പിതാവ് പ്രദീപൻ പറഞ്ഞു. വീട്ടിൽ ആദിത്യ ഓമനിച്ച് വളർത്തുന്ന പൂച്ചയെ മേയ് 11നാണ് കാണാതായത്. പേർഷ്യൻ ഇനത്തിൽപെട്ട പൂച്ചയെ കാണാതായതുമുതൽ പ്രദീപനും കുടുംബവും അയൽവാസികളും അന്വേഷണത്തിലായിരുന്നു. പൊലീസിന്റെ സഹായവും തേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.