കണ്ണൂർ: നിരത്തിലെ പുതുവത്സരാഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ കർശന നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും. ആഘോഷക്കാലത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹന പരിശോധന കർശനമാക്കി.
ഡിസംബർ 31ന് ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.
പൊലീസും മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗവും ഒരുമിച്ചാണ് പരിശോധന നടത്തുക. ആർ.ടി, സബ് ആർ.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം, രണ്ടിലധികം പേരുമായുള്ള ഇരുചക്ര വാഹനയാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴക്കു പുറമേ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകും.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയ വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഈ വർഷം ജില്ലയിലെ വാഹനാപകടങ്ങളിൽ മരിച്ചത് 215 പേരാണ്. മരണനിരക്കിൽ 21 ശതമാനം വർധനയുണ്ടായി.
അവയവങ്ങൾ നഷ്ടമായും ഗുരുതരമായി പരിക്കേറ്റും ചികിത്സയിൽ കഴിയുന്നത് 1500 പേരാണ്. ജില്ലയിൽ 27 അപകട സാധ്യത മേഖലകൾ കണ്ടെത്തിയിരുന്നു. ഈ മേഖലകളിൽ പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്ത പരിശോധന നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.