പഴയങ്ങാടി: വിനോദ മേഖലക്ക് കുതിപ്പേകി പഴയങ്ങാടി മുട്ടുകണ്ടി പുഴയിൽ ജലോപരിതല റസ്റ്റാറന്റും ബോട്ട് റേസ് ഗാലറിയും സജ്ജമായി. പദ്ധതി പ്രാവർത്തികമാക്കുന്നതിനായുള്ള ടെൻഡർ നടപടിക്കൊരുങ്ങുകയാണ് അധികൃതർ. മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് പദ്ധതി. ബോട്ട് റെയ്സ് ഗാലറിക്ക് 2.87 കോടി രൂപയാണ് ചെലവഴിച്ചത്.
വള്ളംകളി സൗകര്യപ്രദമായി വീക്ഷിക്കുന്നതിന് സാധിക്കുന്ന രീതിയിലാണ് നിർമാണം പൂർത്തീകരിച്ചത്. 65 മീറ്റർ ദൈർഘ്യത്തിലും രണ്ടുമീറ്റർ വീതിയിലും നിർമിച്ച ഗാലറിയിൽ 500 പേർക്ക് ജലോത്സവം വീക്ഷിക്കാനാകും. 1.88 കോടി രൂപ ചെലവഴിച്ചാണ് ഫ്ലോട്ടിങ് റസ്റ്റാറന്റ് പൂർത്തീകരിച്ചത്. കരയിൽനിന്ന് ഒമ്പത് മീറ്റർ അകലത്തിൽ ജലോപരിതലത്തിൽ നിർമിച്ച ഭക്ഷണശാലക്ക് 3000 ചതുരശ്ര അടി വിസ്തീർണമുണ്ട്.
1600 ചതുരശ്ര അടി പൂർണമായും ഭക്ഷണശാലക്കായി വിനിയോഗിക്കാൻ സാധിക്കുന്നതിനാൽ ഒരേ സമയം പുഴയുടെ സൗന്ദര്യാസ്വാദനത്തോടെ 80 പേർക്കിരുന്ന് ഭക്ഷണം കഴിക്കാനുമാകും. പ്രവേശന കവാടത്തിൽ 17 മീറ്റർ ദൈർഘ്യത്തിൽ ഇരുമ്പ് പാലം നിർമിച്ചിട്ടുണ്ട്. 100 മീറ്റർ ദൈർഘ്യത്തിലാണ് നടപ്പാത.
സൗരോർജ അലങ്കാര വിളക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ‘കെൽ’ ആണ് പദ്ധതി നിർവഹണം ഏറ്റെടുത്തത്.
പുഴകളും കണ്ടൽക്കാടുകളും സംസ്ഥാനത്തെ പ്രധാന ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയും പ്രകൃതിരമണീയമായ കടലോരവും ചേരുന്ന കല്യാശ്ശേരി മണ്ഡലം ടൂറിസം വികസനത്തിനു അനന്ത സാധ്യതകളുള്ള മേഖലയാണ്.
മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി പട്ടുവം, മുതുകുട, താവം, മാട്ടൂൽ സെൻട്രൽ, വാടിക്കൽ, ചെറുകുന്ന്, പഴയങ്ങാടി എന്നിവിടങ്ങളിൽ ബോട്ട് ടെർമിനലുകൾ പൂർത്തിയായിട്ടുണ്ട്.
പഴയങ്ങാടി ബോട്ട് റേസ് ഗാലറിയും ഫ്ലോട്ടിങ് റസ്റ്റാറന്റും യാഥാർഥ്യമാകുന്നതോടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിനോദ മേഖലയിൽ കല്യാശ്ശേരി മണ്ഡലത്തിൽ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.