അപകടത്തിൽ മരിച്ച ഫിസാന് കണ്ണീരോടെ വിട

ഉരുവച്ചാൽ: നീർവേലിയിൽ ബസപകടത്തിൽ മരിച്ച, പതിമൂന്നാംമൈലിലെ സി.എച്ച്. ഫൈസൽ -റഫ്ഷീന ദമ്പതികളുടെ മകൻ ഫിസാന് കണ്ണീരോടെ നാട് വിടനൽകി. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുകാരെയും സ്ത്രീകളെയും ഒരുനോക്ക് കാണിച്ചശേഷം നീർവേലി ജുമാമസ്ജിദ് മദ്റസയിൽ പൊതുദർശനത്തിനുവെച്ചു. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ നീർവേലിയിൽ ഒഴുകിയെത്തിയത്. സഹപാഠികളായ വിദ്യാർഥികൾക്ക് പ്രിയകൂട്ടുകാരന്റെ ആകസ്മിക മരണത്തിൽ തേങ്ങൽ അടക്കാനായില്ല. സാധനം വാങ്ങാൻ സമീപത്തെ വീട്ടിലേക്കുപോയ ഫിസാനെയാണ് തിങ്കളാഴ്ച ഉച്ച 2.30 ഓടെ റോഡരികിൽ നിൽക്കവേ കർണാടകയിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി ബസ് സ്വകാര്യ വാഹനത്തെ മറികടന്നയുടൻ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്നതറിഞ്ഞ് ഫിസാന്റെ ഉമ്മ റഫ്ഷീന സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും പരിസരവാസികൾ തിരിച്ചയക്കുകയായിരുന്നു. മകനാണ് അപകടത്തിൽപെട്ടതെന്ന് ഉമ്മ അറിഞ്ഞിരുന്നില്ല. നീർവേലി മദ്റസയിൽ ആറാം ക്ലാസിലും മെരുവമ്പായി യു.പി സ്കൂളിൽ ഏഴാം ക്ലാസിലുമാണ് ഫിസാൻ പഠിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.