തലശ്ശേരി: വിവരാവകാശ നിയമപ്രകാരം നിയമപരമായ അന്വേഷണ ഹരജിക്ക് മറുപടി നൽകാത്തതിന് വാട്ടർ അതോറിറ്റിയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ പിണറായി പാറപ്രത്തെ സ്നേഹാമൃതത്തിൽ ഇ.എം. ശ്രീജക്ക് 10,000 രൂപ പിഴ.
ധർമടം അണ്ടല്ലൂരിലെ വള്ളുമ്മൽ വീട്ടിൽ എൻ. റിജു നൽകിയ അപ്പീൽ ഹരജിയിലാണ് സംസ്ഥാന വിവരാവകാശ കമീഷൻ വി. ഹരി നായരുടെ ഉത്തരവ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി സ്ഥലം ഉടമയുടെ അനുമതിയില്ലാതെ പൈപ്പ് ലൈൻ സ്ഥാപിച്ചതിനെതിരെ നൽകിയ വിവരാവകാശ നിയപ്രകാരം നൽകിയ ഹരജിയിൽ മറുപടി നൽകാത്തതിനെതിരെയാണ് റിജു മുഖ്യ വിവരാവകാശ കമീഷനെ സമീപിച്ചത്. ഹരജിക്കാരന് വിവരം നൽകാത്തതിന് ന്യായമായ കാരണങ്ങൾ കാണാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 20 (1) പ്രകാരം ശിക്ഷാർഹയാണെന്നായിരുന്നു ഉത്തരവ്.
വിവരം നൽകാൻ വീഴ്ച വരുത്തിയ ഒരോ ദിവസവും 250 രൂപ വെച്ച് പരമാവധി പിഴ ശിക്ഷ 25,000 രൂപയാണ്. എന്നാൽ, മാനുഷിക പരിഗണന കണക്കിലെടുത്ത് പരമാവധി പിഴ ശിക്ഷ 10,000 രൂപയാക്കി നിജപ്പെടുത്തിയതായും പിഴസംഖ്യ അടക്കാത്ത പക്ഷം ശമ്പളത്തിൽ നിന്ന് ഈടാക്കി ഓഫിസ് മേധാവി ഉറപ്പുവരുത്തണമെന്നും കമീഷൻ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.
എതിർകക്ഷി സർവിസിൽ നിന്നും വിരമിച്ചതിനാൽ പിഴ സംഖ്യ സർക്കാറിൽ ഒടുക്കുകയും ചെയ്തിട്ടുള്ളതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.