സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

നിര്‍മാണങ്ങൾ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിർദേശം 25 വര്‍ഷം മുന്നില്‍ കണ്ടുള്ള മാസ്​റ്റര്‍ പ്ലാനിന് തുടക്കം കണ്ണൂർ: മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയിലെ 7.62 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ ആരോഗ്യവിഭാഗം, ആശുപത്രി വികസന സൊസൈറ്റി, പൊതുമരാമത്ത് വകുപ്പ് അധികൃതരോട്​​ മന്ത്രി എം.വി. ഗോവിന്ദൻ നിർദേശിച്ചു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഞ്ചു കോടി രൂപ ചെലവില്‍ കാഷ്വാലിറ്റി, 2.5 കോടി രൂപ ചെലവില്‍ മറ്റ് അനുബന്ധ പ്രവൃത്തികള്‍ എന്നിവയാണ് നടപ്പാക്കുന്നത്. ജീവനക്കാരുടെ ക്വാർട്ടേഴ്‌സിനായി എന്‍.എച്ച്.എം അനുവദിച്ച 1.25 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ എന്‍.എച്ച്.എം എൻജിനീയറിങ് വിഭാഗത്തോട് മന്ത്രി നിർദേശിച്ചു. സോളാര്‍ പാനല്‍ നിര്‍മാണം, കുടിവെള്ളവിതരണം, മലിനജല പ്ലാൻറ്​, മിന്നല്‍രക്ഷാചാലകം തുടങ്ങിയ അനുബന്ധ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആശുപത്രി സ്ഥിതിചെയ്യുന്ന 10 ഏക്കര്‍ പ്രദേശം മുഴുവനായും ആശുപത്രി വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയുടെ ഇതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്നിവ യോഗത്തില്‍ വിലയിരുത്തി. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ജില്ലയുടെ അടയാളമായി മാറണമെന്നും സംസ്ഥാനത്തെ മികച്ച ചികിത്സാ കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. അനുബന്ധ ചികിത്സാസൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരു കുടക്കീഴിലാക്കും. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടപ്പാക്കുക. മികച്ച പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ ചികിത്സാസൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പൊതുമരാമത്ത് വിഭാഗത്തിന് മന്ത്രി നിർദേശവും നല്‍കി. ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. പ്രേമരാജന്‍, പി.കെ. മുഹമ്മദ് കുഞ്ഞി, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എന്‍.കെ. ഷാജ്, ഡി.പി.എം പി.കെ. അനില്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ജീവന്‍ലാല്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എൻജിനീയര്‍ കെ. ജിഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.