മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത: കേളകം ബൈപാസിൽ വീണ്ടും സർവേ നടത്തും

അ​ലൈൻമൻെറിൽ ചെറിയ മാറ്റങ്ങളോടെ അടുത്ത ആഴ്ചയോടെ സർവേ പൂർത്തിയാക്കും കേളകം: മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയിൽ കേളകം ബൈപാസിൽ വീണ്ടും സർവേ നടത്തും. അലൈൻമൻെറിൽ ചെറിയ മാറ്റങ്ങളോടെ അടുത്ത ആഴ്ചയോടെ സർവേ പൂർത്തിയാക്കും. നേരത്തെ നിശ്ചയിച്ച അലൈൻമൻെറിൽ കേളകം വില്ലേജ് ഓഫിസിനോടു ചേർന്ന ഭാഗത്തുണ്ടായിരുന്ന വളവ് നിവർത്തിയാകും വീണ്ടും സർവേ നടത്തുകയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) അസി. എക്സി.എൻജിനീയർ പി. സജിത്ത് പറഞ്ഞു. നാലുവരിപ്പാതയിൽ കേളകം ബൈപാസിലെ സർവേ മാത്രമാണ് പൂർത്തിയാകാനുള്ളത്. ഇതു പൂർത്തിയാക്കുന്നതോടെ വിശദ പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ) കെ.ആർ.എഫ്.ബി ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. നിലവിൽ കേളകം ബൈപാസിനായി 60 മീറ്റർ വീതിയിൽ പുരോഗമിക്കുന്ന സർവേക്കെതിരെ ജനങ്ങൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്​. തുടർന്ന് വ്യാഴാഴ്ച കേളകം പഞ്ചായത്ത് ഓഫിസിൽ ജനപ്രതിനിധികൾ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, സർവേ നടത്തുന്ന സർക്കാർ ഏജൻസി 'ഐഡെക്' പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബൈപാസ് പോകുന്ന പ്രദേശത്തെ ജനങ്ങളുമായി ചർച്ച നടത്തി. 24 മീറ്റർ വീതിയുള്ള റോഡിനായി 60 മീറ്ററിൽ സർവേ നടത്തുന്നതിനെതിരെയാണ് ജനങ്ങൾ പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്. എന്നാൽ, 24 മീറ്റർ വീതിയിൽ മാത്രമാണ് ഏറ്റെടുക്കുകയെന്നും 60 മീറ്റർ സർവേ നടത്തുന്നത് പരമാവധി വീടുകൾ നഷ്​ടപ്പെടുത്താതെ അലൈൻമൻെറ്​ തീരുമാനിക്കുന്നതിനാണെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു. ഐഡെക് പ്രതിനിധികൾ നിലവിലെ സാഹചര്യം വിശദീകരിച്ചു. പലഭാഗത്തും നാട്ടുകാരുടെ എതിർപ്പ് മൂലം സർവേ നടത്താൻ കഴിയാത്ത സാഹചര്യം യോഗം ചർച്ച ചെയ്തു. ഒരാഴ്ചക്കകം സർവേ പൂർത്തിയാക്കി വീണ്ടും യോഗം ചേർന്ന് നഷ്​ടപ്പെടുന്ന സ്ഥലങ്ങളുടെയും വീടുകളുടെയും വിശദവിവരങ്ങൾ ചർച്ച ചെയ്യാൻ തീരുമാനമെടുത്തു. സണ്ണി ജോസഫ് എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.ടി. അനീഷ്, ഐഡെക് സീനിയർ മാനേജർ മോഹൻ, സീനിയർ എക്സിക്യൂട്ടിവ് അരവിന്ദ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ തോമസ് പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പ്രീത ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ ബിജു ചാക്കോ, ജോണി പാമ്പാടി, സുനിത രാജു, മനോഹരൻ മരാടി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.