തലശ്ശേരി: കൈക്കൂലി കേസിൽ കമേഴ്സ്യൽ ടാക്സ് ഓഫിസർക്ക് ഏഴു വർഷം തടവും ലക്ഷം രൂപ പിഴയും. മുൻ സുൽത്താൻ ബത്തേരി കമേഴ്സ്യൽ ടാക്സ് ഓഫിസർ കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി ഈസ്റ്റിലെ ബാത്തേൽ ഹൗസിൽ സജി ജേക്കബിനെയാണ് തലശ്ശേരി എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്.
വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂനിറ്റ് ചാർജ് ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇദ്ദേഹം. കേസിൽ രണ്ടാം പ്രതിയായ സുൽത്താൻ ബത്തേരിയിലെ ടാക്സ് പ്രാക്ടീഷണർ തമിഴ്നാട് എരുമാട് പൊന്നച്ചാൽ കടലിക്കണ്ടത്തിൽ ഹൗസിൽ ബ്രജിത്ത് ജോസഫിനെ വെറുതെ വിട്ടു. 2015 ജനുവരി ഏഴിനാണ് കേസിനാധാരമായ സംഭവം.
സുൽത്താൻ ബത്തേരി ടൗണിൽ ഏഷ്യൻ ഏജൻസീസ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പവിത്രം ഹൗസിൽ ടി. മുരുകേഷനാണ് പരാതിക്കാരൻ. സ്ഥാപനത്തിന്റെ അക്കൗണ്ട്സ്, സെയിൽ ടാക്സ് ക്ലിയറൻസ് ലഭിക്കുന്നതിന് ഒന്നാം പ്രതിയായ സജി ജേക്കബിനെ സ്വാധീനിക്കുന്നതിനായി 2014 ഡിസംബർ 21ന് രണ്ടാം പ്രതി ടാക്സ് പ്രാക്ടീഷണറായ ബ്രജിത്ത് ജോസഫ് പരാതിക്കാരനിൽനിന്നും 10,000 രൂപ നിർബന്ധപൂർവം വാങ്ങി ഒന്നാം പ്രതിക്ക് നൽകി.
ഇതിന് ശേഷം സെയിൽ ടാക്സ് വിവരങ്ങൾ അന്വേഷിക്കാൻ ചെന്ന പരാതിക്കാരനോട് ഡിസംബർ 30ന് ഒന്നാം പ്രതി 90,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുണ്ടായി. സംഭവത്തിൽ മുരുകേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2015 ജനുവരി ഏഴിന് വി.എ.സി.ബി വയനാട് യൂനിറ്റിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരാതിക്കാരനിൽനിന്നും 25,000 രൂപ കൈക്കൂലി വാങ്ങവേ സുൽത്താൻ ബത്തേരി കമേഴ്സ്യൽ ടാക്സ് ഓഫിസിൽ വെച്ച് പ്രതിയെ അറസ്റ്റു ചെയ്തെന്നാണ് കേസ്. ബുധനാഴ്ചയാണ് ഒന്നാം പ്രതി സജി ജേക്കബിനെ ശിക്ഷിച്ചു കൊണ്ട് കോടതി ഉത്തരവുണ്ടായത്. വ്യത്യസ്ത വകുപ്പുകളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കഠിന തടവുമുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി. വിധി പ്രസ്താവനത്തിന് ശേഷം പ്രതിയെ ജയിലിലെത്തിച്ച് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.