കേളകം: ഗ്രാമസഡക് യോജന പദ്ധതിയിലുൾപ്പെടുത്തി പുനർനിർമിക്കുന്ന കൊട്ടിയൂർ സമാന്തര റോഡിന്റെ പ്രവൃത്തി ഇഴയുന്നു. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വളയംചാൽ മുതൽ മന്ദംചേരിവരെയുള്ള 11.670 കിലോമീറ്റർ റോഡിന്റെ പണിയാണ് ഇഴഞ്ഞു നീങ്ങുന്നത്.
മഴക്കാലത്ത് നിർത്തിയ റോഡിന്റെ ടാറിങ് പ്രവൃത്തി മഴ മാറിയിട്ടും പുനരാരംഭിച്ചില്ല. കരാർ പ്രകാരം ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട റോഡ് പണിയാണ് എങ്ങുമെത്താതെ കിടക്കുന്നത്.
2023 സെപ്റ്റംബർ 14ന് ആരംഭിച്ച നിർമാണ പ്രവൃത്തി 2024 സെപ്റ്റംബർ 13നായിരുന്നു പൂർത്തിയാക്കേണ്ടത്. ഏകദേശം അഞ്ച് കിലോ മീറ്ററോളം ദൂരം പ്രവൃത്തി ഇനിയും ബാക്കിയാണ്. വളയംചാൽ മുതൽ മന്ദംചേരി വരേയുള്ള റോഡിന്റെ പല ഭാഗത്തായി ടാറിങ്, കലുങ്കുകളുടെ നിർമാണം ഉൾപ്പെടെയുള്ള പണികളാണ് പൂർത്തിയാകാനുള്ളത്. 3.75മീറ്റർ വീതിയിലാ ണ് റോഡിന്റെ ടാറിങ് നടത്തുന്നത്.
വളയംചാൽ മുതൽ കേളകം വരെയുള്ള ഭാഗത്തെ പ്രവൃത്തിയാണ് മുടങ്ങിക്കിടക്കുന്നത്. വളയംചാൽ ഭാഗത്ത് റോഡിൽനിന്നും വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പോലും നടത്തിയിട്ടില്ല. നേരത്തേ വളയംചാലിൽ റോഡിന്റെ വീതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തപ്പോൾ ഇരുവശത്തുനിന്നും ഒരുപോലെ സ്ഥലമേറ്റെടുത്തിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മൂലം വളയംചാൽ ഭാഗത്ത് താമസിക്കുന്നവർ ദുരിതത്തിലാണ്.
കല്ലുകൾ ഇളകിക്കിടക്കുന്നതിനാൽ റോഡിന്റെ ഇറക്കമുള്ള ഭാഗത്തുകൂടി ഇരുചക്ര വാഹന യാത്രക്കാർ ഏറെ സാഹസികമായാണ് പോകുന്നത്. കല്ലുകൾ ഇളകിക്കിടക്കുന്നത് മൂലം ഇരുചക്രവാഹനം സ്ഥിരം അപകടത്തിൽപെടുന്നതായി പ്രദേശവാസികൾ പറഞ്ഞു. മഴയാണ് പ്രവൃത്തിവൈകാൻ കാരണമെന്നാണ് പി.എം.ജി.എസ്.വൈ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.