നാറാത്ത് പുതിയ കുടിവെള്ള ടാങ്ക്

കണ്ണൂർ: നാറാത്ത് പഞ്ചായത്തിൽ പുതിയ കുടിവെള്ള ടാങ്കൊരുങ്ങുന്നു. 40 വർഷം പഴക്കമുള്ള കണ്ണാടിപ്പറമ്പ് വഴപ്പറത്തെ പഴയ ടാങ്കിന്റെ ശോച്യാവസ്ഥയെ തുടർന്നാണ് പുതിയ ടാങ്ക് നിർമാണം തുടങ്ങിയത്. കണ്ണാടിപ്പറമ്പ് ധർമശാസ്ത ക്ഷേത്ര മൈതാനിയിൽ പഴയ കുടിവെള്ള ടാങ്കിന്റെ സമീപത്താണ് പുതിയതിന്റെ നിർമാണം. പദ്ധതിക്കായി പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 55,000 ലിറ്റർ കുടിവെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന ടാങ്കാണ് പുതുതായി നിർമിക്കുന്നത്. തറയുടെ നിർമാണം പൂർത്തിയായി. തൂണുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. മാതോടം ലക്ഷംവീട് കോളനി, പള്ളേരി കോളനി എന്നിവിടങ്ങളിലേക്കാണ് നിലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. 60ലധികം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഈ ടാങ്കിനെയാണ് ആശ്രയിക്കുന്നത്. സമീപത്തെ കിണറിൽ നിന്നാണ് വെള്ളം ടാങ്കിൽ ശേഖരിക്കുന്നത്. പുതിയ ടാങ്ക് യാഥാർഥ്യമാകുന്നതോടെ പഴയ ടാങ്ക് പൊളിച്ചുനീക്കും. മാർച്ച് 31നകം ടാങ്കിന്റെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ പറഞ്ഞു. ചോർച്ചയും കാലപ്പഴക്കവുമടക്കം പഴയ ടാങ്കിനെക്കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് പുതിയ ടാങ്ക് നിർമിക്കാൻ തീരുമാനിച്ചത്. പഴയ ടാങ്കിൽ 45,000 ലിറ്റർ കുടിവെള്ളമായിരുന്നു ശേഖരിക്കാനായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.