ആവശ്യത്തിന്​ പൊലീസുകാരില്ലാ​തെ പഴയങ്ങാടി സ്റ്റേഷൻ

പഴയങ്ങാടി: മാടായി, മാട്ടൂൽ, ഏഴോം പഞ്ചായത്തു പരിധിയിലെ ജനങ്ങൾ ആശ്രയിക്കുന്ന പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസുകാരില്ലാത്തത് ദുരിതമാകുന്നു. രണ്ടാഴ്ചയിലേറെയായി എസ്.ഐയുമില്ലാതായി. ഇത് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കുന്ന നിലയാണ്. ചാർജിലുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്.ഐ സ്ഥലം മാറിയിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും പുതിയയാൾ ചാർജെടുത്തിട്ടില്ല. സ്റ്റേഷൻ പരിധിയിലെ ക്ഷേത്രങ്ങളിൽ നടന്ന മോഷണം, സിൽവർ ലൈൻ കല്ലുകൾ പിഴുതുമാറ്റിയ സംഭവം, മാട്ടൂലിലെ മണൽക്കടത്ത് എന്നിവയുടെ പശ്ചാത്തലത്തിൽ സിവിൽ പൊലീസ് ഓഫിസർമാർ ഇവിടെ കൂടുതൽ സമ്മർദത്തിലാവുകയാണ്. കേസുകൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായത്ര ഉദ്യോഗസ്ഥർ പഴയങ്ങാടി സ്റ്റേഷനിലില്ലെന്നതാണ് യാഥാർഥ്യം. മാട്ടൂലിലെ അനധികൃത മണൽക്കടത്ത് തടയുന്നതിന് രാത്രി പട്രോളിങ് ഏർപ്പെടുത്തണമെന്ന് മേഖലയിൽനിന്ന് ആവശ്യമുയർന്നിരുന്നു. ക്ഷേത്ര കവർച്ചകളിൽ കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതും മാട്ടൂലിലെ മണൽക്കടത്ത് തടയാനാവാത്തതും പൊലീസിനെതിരെ വ്യാപക പരാതിയുയർത്തിയ സാഹചര്യത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പരിഷ്കരണം ആവിഷ്കരിച്ചതായി പയ്യന്നൂർ ഡിവൈ.എസ്.പി അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് സ്റ്റേഷനിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രിൻസിപ്പൽ എസ്.ഐയുടെ നിയമനം നടക്കാത്തത് പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.