ബസ് ജീവനക്കാർക്ക് മർദനം: കണ്ണൂർ -പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്

പയ്യന്നൂർ: കോളജ് വിദ്യാർഥികൾ ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ -കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ പയ്യന്നൂര്‍ -തളിപ്പറമ്പ് റൂട്ടിലാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയത്. വെള്ളിയാഴ്ച പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ സമരം തുടരുമെന്ന് തൊഴിലാളികൾ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് എടാട്ട് പയ്യന്നൂർ കോളജ് സ്‌റ്റോപ്പിൽ ബസ് നിർത്തിയില്ലെന്നാരോപിച്ച് ഏഴിലോട്ട് രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മർദനമേറ്റത്. ബക്കളത്തെ കിഷോര്‍, മുണ്ടേരിയിലെ മിഥുന്‍ എന്നിവര്‍ക്കാണ് മർദനമേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിദ്യാർഥികൾ ഇവരെ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ജീവനക്കാര്‍ പണിമുടക്കിയത്. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് കണ്ടാലറിയാവുന്ന 10 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞയാഴ്ച സമാനമായി നടന്ന സംഭവത്തില്‍ രണ്ട് കോളജ് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്യുകയും ചെയ്തു. പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബു, എസ്.ഐ രൂപ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളായ വിദ്യാര്‍ഥികളെ പിടികൂടാന്‍ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളെ അറസ്റ്റുചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ബസ് തൊഴിലാളികള്‍. പരിയാരം പൊലീസ് ഇൻസ്പെക്ടർ കെ.വി. ബാബു പ്രശ്നം തൊഴിലാളികളുമായി ചര്‍ച്ച ചെയ്തെങ്കിലും വെള്ളിയാഴ്ച രാവിലെ സര്‍വിസ് പുനരാരംഭിക്കാന്‍ ജീവനക്കാര്‍ വിസമ്മതിക്കുകയായിരുന്നു. സമരത്തെത്തുടര്‍ന്ന് ഈ റൂട്ടിൽ യാത്രാദുരിതം ഇരട്ടിച്ചു. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സർവിസ് നടത്തിയെങ്കിലും തിരക്കൊഴിവാക്കാൻ ഇത് പര്യാപ്തമായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.