സർക്കാർ അവഗണന; ഫാം.ഡി പഠനം പൂർണമായും സ്വകാര്യ മേഖലയിലേക്ക്

പയ്യന്നൂർ: എം.ബി.ബി.എസിന് സമാനമായ ഫാം.ഡി കോഴ്സിന് സംസ്ഥാന സർക്കാർ അവഗണന. സർക്കാർ മെഡിക്കൽ കോളജുകളിൽ കോഴ്സ് ആരംഭിക്കാൻ നടപടിയില്ലാത്തതിനാൽ കോഴ്സ് പൂർണമായും സ്വകാര്യ മേഖലയിൽ മാത്രമായി. നേരത്തെ സഹകരണ മേഖലയിലായിരുന്നപ്പോൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കോഴ്സ് ഉണ്ടായിരുന്നുവെങ്കിലും 2018ൽ സർക്കാർ ഏറ്റെടുത്ത ഉടൻ അത് നിർത്തലാക്കി. 2012ലാണ് പരിയാരത്ത് 30 സീറ്റുള്ള കോഴ്‌സ് ആരംഭിച്ചത്. പ്രവേശനം നൽകിയ രണ്ടു ബാച്ചുകൂടി പുറത്തിറങ്ങുന്നതോടെ ഈ കോഴ്സ് പൂർണമായും പരിയാരത്ത് ഇല്ലാതാവും. കേരളത്തില്‍ സര്‍ക്കാര്‍ കോളജുകളില്‍ എവിടെയും ഈ കോഴ്‌സ് ഇല്ലെന്ന കാരണം പറഞ്ഞാണ് പരിയാരത്ത് കോഴ്‌സ് നിര്‍ത്തലാക്കിയത്. എന്നാൽ, ഇതര ഡോക്ടർമാർക്ക് സമാനമായ കോഴ്‌സ് നടത്തുന്നതിലുള്ള ഐ.എം.എയുടെ എതിർപ്പാണ് ആരോഗ്യ വകുപ്പ് ഈ പഠനശാഖയെ തഴയാൻ കാരണമെന്ന് പറയപ്പെടുന്നു. പരിയാരം പിന്മാറിയതോടെ കേരളത്തിൽ 21 സ്വാശ്രയ കോളജുകളിൽ മാത്രമാണ് ഈ കോഴ്സുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പഴയങ്ങാടിയിലെ ഒരു സ്വാശ്രയ സ്ഥാപനത്തിൽ മാത്രമാണ് പഠന സൗകര്യമുള്ളത്. ആറുവര്‍ഷത്തെ പാഠ്യപദ്ധതിയില്‍ നീണ്ട അഞ്ചുവര്‍ഷം 27ലധികം വിഷയങ്ങളും അതിന്റെ പ്രായോഗിക പഠനവും രണ്ടാം വര്‍ഷം മുതല്‍ തുടങ്ങുന്ന ഹോസ്പിറ്റല്‍ പോസ്റ്റിങ്, അഞ്ചാം വര്‍ഷത്തിലുള്ള തീസിസ്, ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നിര്‍ബന്ധിത സേവനം എന്നിങ്ങനെയാണ് പഠനം. ആറാം വർഷം ജനറല്‍ മെഡിസിന്‍, സര്‍ജറി, ശിശുരോഗ വിഭാഗം എന്നിവയില്‍ പ്രാക്ടീസ് നടത്തുകയും ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.