കൂത്തുപറമ്പ്: നിർമലഗിരിക്കടുത്ത മൂന്നാം പീടികയിൽ വൻ തീപിടിത്തം. കണ്ടേരി റോഡിൽ കെ.ബി ട്രേഡ് ലിങ്ക്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ചൊവ്വാഴ്ച രാവിലെ ആറരയോടെ തീപിടിത്തമുണ്ടായത്. എം. ബാലന്റെ ഉടമസ്ഥതയിലുള്ള ശീതളപാനീയങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിത്. ഉൽപന്നങ്ങൾ പൂർണമായും കത്തിനശിച്ചു.
കെട്ടിടത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന വാഹനത്തിനും തീപിടിച്ചു. കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷസേന യൂനിറ്റുകൾ സ്ഥലത്തെത്തി മൂന്നുമണിക്കൂറോളം നടത്തിയ ശ്രമത്തെ തുടർന്നാണ് തീയണച്ചത്. തീ അണക്കുന്നതിനിടയിൽ ചില്ലുപൊട്ടി ഫയർമാൻ ബിനോയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഗ്നിക്കിരയായ സാധനങ്ങൾ പിന്നീട് നാട്ടുകാർ നീക്കം ചെയ്തു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂത്തുപറമ്പ് പൊലീസും അഗ്നിരക്ഷസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.