കണ്ണൂര്‍: വീടിന്റെ വിറകുപുരയില്‍നിന്ന് കണ്ടെത്തിയ മുട്ടകൾക്ക് കൃത്രിമ ചൂട് നല്കിയപ്പോൾ വിരിഞ്ഞിറങ്ങിയത് 20 പെരുമ്പാമ്പിന് കുഞ്ഞുങ്ങള്‍. അപൂര്‍വമായാണ് ഇത്തരത്തില്‍ പെരുമ്പാമ്പിന് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പഗ് മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആൻഡ് റസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിലാണ് 20 മുട്ടകള്‍ വിരിയിച്ചത്.
കണ്ണൂര്‍ ആറ്റടപ്പയിലെ വീടിന്റെ വിറകുപുരയില്‍നിന്ന് ഏപ്രില്‍ ഏഴിനാണ് മുട്ടകള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് റെസ്ക്യൂ അംഗം സജീര്‍ ബാവോടിന്റെ നേതൃത്വത്തില്‍ മുട്ടകളുടെ പരിചരണം ഏറ്റെടുത്തു. വനം വകുപ്പിന്റെ നിര്‍ദേശ പ്രകാരം മുട്ടകള്‍ മാറ്റി. 22 മുട്ടകള്‍ കണ്ടെത്തിയെങ്കിലും രണ്ട് മുട്ടകള്‍ മാത്രം വിരിഞ്ഞില്ല. സാധാരണയായി പാമ്പുകളുടെ മുട്ടകള്‍ കണ്ടെത്തിയാലും അവയെ മറ്റൊരിടത്തേക്ക് മാറ്റാറില്ല.
പലപ്പോഴും ഇത്തരത്തില്‍ മാറ്റുന്ന മുട്ടകള്‍ നശിച്ചു പോകാറുണ്ട്. എന്നാല്‍, ആറ്റടപ്പയിലെ വീട്ടില്‍ ഇവയെ കണ്ടെത്തിയതോടെ പരിസരവാസികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് മുട്ടകള്‍ മാറ്റിയത്. നിരവധി വീടുകള്‍ അടുത്തടുത്തായി ഉള്ളതിനാല്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നാലും ആളുകള്‍ ഭയം കാരണം തല്ലിക്കൊല്ലാനും സാധ്യയുണ്ട്. ഇത് കണക്കിലെടുത്താണ് പഗ് മാര്‍ക്ക് പ്രവര്‍ത്തകരെത്തി മുട്ടകളെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്.
60 ദിവസത്തോളം സമയമെടുത്താണ് പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിയാറ്. നിലവില്‍ 20 ദിവസം കഴിഞ്ഞാണ് മുട്ടകള്‍ റെസ്ക്യൂ ടീമിന് ലഭിച്ചത്. അതുകൊണ്ടു തന്നെ 40 ദിവസം കൊണ്ട് മുട്ടകള്‍ വിരിഞ്ഞ് തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവ്വാഴ്ച രാവിലെയാകുമ്പോഴേക്കും 20 മുട്ടകളും വിരിഞ്ഞിരുന്നു.
റെസ്ക്യൂ അംഗങ്ങളായ ശ്രീജിത്ത് ഹാര്‍വെസ്റ്റ്, പ്രദീപ് എന്നിവരും പാമ്പുകളുടെ സംരക്ഷണത്തിനുണ്ടായിരുന്നു. മുട്ട വിരഞ്ഞ് ഒരുദിവസത്തെ പരിചരണത്തിനു ശേഷം മുഴുവന്‍ കുഞ്ഞുങ്ങളെയും അതിന്റെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.