കണ്ണൂർ: തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കും. തളിപ്പറമ്പ് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മറ്റ് അഞ്ചു ഏജൻസികളുടെ കുടിവെള്ളം കൂടി പരിശോധിക്കാൻ നഗരസഭക്ക് ആരോഗ്യ വകുപ്പ് കത്ത് നൽകി.
ജില്ലയിലെ നഗരങ്ങളിലെ നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകൾ കുടിക്കാൻ യോഗ്യമാണോ എന്ന് പരിശോധിക്കും.
അത്തരം കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണതിനായി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും. തളിപ്പറമ്പിലെ മഞ്ഞപ്പിത്ത പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള ഉറവിട പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമായി തുടരുന്നുണ്ട്.
മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പതോളം വാർഡുകൾ കേന്ദ്രീകരിച്ച് 400ഓളം വീടുകൾ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശ പ്രവർത്തകർ എന്നിവർ സന്ദർശിച്ചു.
രോഗികളുള്ള വീടുകളിൽ രോഗപകർച്ച തടയുന്നതിനുള്ള നിർദേശങ്ങൾ നൽകി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പിയുഷ് എം. നമ്പൂതിരിപ്പാട് ആരോഗ്യ വകുപ്പിന്റെ മഞ്ഞപ്പിത്ത നിയന്ത്രണ പരിപാടികൾ വിലയിരുത്തി.
ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്തുന്നതിനും പകർച്ചവ്യാധി തടയുന്നതിനുമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനു നിർദേശം നൽകി. മഞ്ഞപ്പിത്ത ബോധവത്കരണത്തിനായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'തെളിച്ചം' കാമ്പയിൻ വിപുലമാക്കും. പച്ചവെള്ളം കുടിക്കുന്ന ശീലം മാറ്റാൻ 'പച്ചയിൽനിന്നു മഞ്ഞയാകാൻ അധിക സമയം വേണ്ട' എന്ന പ്രചാരണ പരിപാടി നടപ്പാക്കും. നഗരങ്ങളിലുൾപ്പെടെയുള്ള കടകളിൽ ലൈം, ജ്യൂസ്, ഐസ് പാനീയങ്ങൾ ഉണ്ടാക്കുന്നത് തിളപ്പിച്ചാറ്റിയ വെള്ളത്തിലോ ബി പ്ലസ്, അൾട്ര വയലറ്റ് ഫിൽറ്റർ (യു.വി ഫിൽറ്റർ) വെള്ളത്തിലോ ആയിരിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം നൽകുന്ന കുടിവെള്ളത്തിൽ ചൂട് ശമിപ്പിക്കാൻ പച്ചവെള്ളം കലർത്തുന്നത് കർശനമായി വിലക്കും. ഹെൽത്ത് കാർഡുകൾ ഇല്ലാതെ ജീവനക്കാരെ ജോലിക്കെടുക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം തടയും. ജില്ലയിലെ മഞ്ഞപ്പിത്ത പരിശോധനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീടുകളിലെ നല്ലൊരു ശതമാനം കിണറുകളും ഇ കോളി ബാക്റ്റീരിയ മൂലം മലിനമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
20 മീറ്ററോളം ദൂരത്തിൽ സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്ന വീട്ടിലെ കിണറിൽ പോലും വിസർജ്യത്തിൽ കാണപ്പെടുന്ന ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ശാസ്ത്രീയമായി കക്കൂസ് ടാങ്കുകൾ നിർമിക്കാത്തതും കാരണമാണ്.
ഈ സാഹചര്യത്തിൽ സ്വന്തം വീട്ടിലെ കിണർ വെള്ളം പരിശോധിച്ച് ഇ കോളി സാനിധ്യമില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും തയാറാകണം. ഇതിന്റെ ഭാഗമായി ഒന്നു മുതൽ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനെറ്റ് ചെയ്യുന്നതിന് ക്ലോറിനേഷൻ വാരം ആചരിക്കും. ഇതിന്റെ ഭാഗമായി വീടുകളിലെയും പൊതുവായ കിണറുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കുന്നതിന് പൊതുജനങ്ങളോട് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.