കണ്ണൂര്‍: അമൃത് പദ്ധതിയിൽ ഒന്നാം ഘട്ടത്തിലെ 38ൽ 30ഉം പൂർത്തിയാക്കി കണ്ണൂർ കോർപറേഷൻ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 95 കോടി ചെലവഴിച്ച് കണ്ണൂര്‍ കോര്പറേഷന് സംസ്ഥാനത്ത് ഒന്നാമതായിരുന്നു. പദ്ധതിയിൽ ഉൾപ്പെടുന്ന ചേലോറ പാര്‍ക്ക്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം, പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ്, പടന്നത്തോട്-കാനാമ്പുഴ തോട് നവീകരണം എന്നിവയുടെ പ്രവൃത്തി ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്.
പയ്യാമ്പലം പുലിമുട്ട്, സ്റ്റേഡിയത്തിന് സമീപത്തെ ഫ്രീഡം മൂവ്മെന്റ് പാർക്ക് എന്നിവ പുരോഗമിക്കുകയാണ്. അമൃത് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ അലക്സ് വർഗീസ് കണ്ണൂര്‍ കോര്പറേഷന് ഓഫിസ് സന്ദര്‍ശിച്ച് അമൃത് പദ്ധതികളുടെ അവലോകനം നടത്തി. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്പറേഷന് പരിധിയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും.
ഇതിന് 70 കോടിയുടെ പദ്ധതിയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. താമസിയാതെ പ്രവൃത്തി ആരംഭിക്കും. അവലോകന യോഗത്തിന് ശേഷം പടന്നപ്പാലത്തെ മലിനീകരണ ശുദ്ധീകരണ പ്ലാന്റ്, സ്റ്റേഡിയം പീതാംബര പാര്‍ക്ക് എന്നിവിടങ്ങളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം എന്നിവ ഡയറക്ടര്‍ മേയറോടൊപ്പം സന്ദര്‍ശിച്ചു.
പദ്ധതി നിർവഹണത്തിന്റെ പുരോഗതിയില്‍ ഡയറക്ടര്‍ സംതൃപ്തി രേഖപ്പെടുത്തി. അവലോകന യോഗത്തിൽ മേയര്‍ അഡ്വ. ടി.ഒ. മോഹനന്, ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. രാഗേഷ്, പി. ഷമീമ ടീച്ചര്‍, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ കെ.പി. അബ്ദുറസാഖ്, പി.കെ. സാജേഷ് കുമാര്‍, കോര്പറേഷന് സെക്രട്ടറി വിനു സി. കുഞ്ഞപ്പന്, സൂപ്രണ്ടിങ് എൻജിനീയര്‍ ടി. മണികണ്ഠ കുമാര്‍, അമൃത് മിഷന് എക്സ്പേര്‍ട്ട്സ് ആർ. ദിലീപ്, വി. വിവേക്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.