കണ്ണൂർ: നല്ല അധ്യാപകന്‍ ആകണമെങ്കില്‍ സ്ഥിരമായി നല്ലൊരു വിദ്യാര്‍ഥി കൂടിയായിരിക്കണമെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീര്‍ന്നെങ്കില്‍ അതിനുകാരണം ഏതാനും അധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മനാഭന്‍.
പണ്ടുകാലത്ത് അധ്യാപകര്‍ ഏഴ് രൂപ ശമ്പളം വാങ്ങിയ കാലമുണ്ടായിരുന്നു. അതും കൃത്യമായി മാസത്തില്‍ ലഭിക്കാതിരുന്നിട്ടും ലഭിച്ച തുച്ഛമായ വരുമാനത്തിലും കുട്ടികള്‍ക്ക് വയറുനിറക്കാന്‍ ഭക്ഷണം വാങ്ങി നല്‍കിയിരുന്ന അധ്യാപകരെ അറിയാം. അവര്‍ കുട്ടികള്‍ക്ക് അധ്യാപകന്‍ മാത്രമായിരുന്നില്ല, വഴികാട്ടി കൂടിയായിരുന്നു. വാഴയില്‍ ഗോവിന്ദന്‍ വൈദ്യര്‍ എന്ന അധ്യാപകന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' പുസ്തകം വായിക്കാന്‍ തന്നിരുന്നു. ജീവിതത്തില്‍ ഇപ്പോഴും അദ്ദേഹത്തെ ഓര്‍ക്കുന്നുണ്ടെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
എന്നാല്‍, ഇന്ന് അധ്യാപനമെന്നത് അതില്‍ നിന്നെല്ലാം മാറി. എന്നാലും അന്നത്തെ പോലെ ഇന്നും അധ്യാപനം എന്ന മഹത്തായ പാരമ്പര്യം കൊണ്ടുനടക്കുന്ന അധ്യാപകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജി. കാര്‍ത്തികേയന്‍ സ്മാരക പുരസ്‌കാരം നേടിയ ശാന്ത എച്ച്.എസ്.എസ് അവണൂര്‍ സ്‌കൂൾ പ്രധാനാധ്യാപകനായ ഷാജു പുത്തൂരിനും മറ്റു പുരസ്‌കാരങ്ങള്‍ നേടിയ അധ്യാപകര്‍ക്കും പത്മനാഭന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. മേയര്‍ ടി.ഒ. മോഹനന്‍, സണ്ണി ജോസഫ് എം.എല്‍.എ എന്നിവർ മുഖ്യാതിഥികളായി. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പി.വി. ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാര്‍, സംസ്ഥാന പ്രസിഡന്റ് ആര്‍. അരുണ്‍ കുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.