കണ്ണൂർ: അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണലെടുപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ സർക്കാർ നീക്കം. കേരള മാരിടൈം ബോർഡിന്റെ കീഴിൽ മികച്ച രീതിയിൽ നടന്നുവന്ന മണലെടുപ്പാണ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ടെൻഡർ നടപടികളിലേക്കടക്കം സർക്കാർ കടന്നു. രണ്ടായിരത്തോളം തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്. ജില്ലയിലെ ഏക അംഗീകൃത മണൽക്കടവായ വളപട്ടണത്ത് മണലെടുപ്പ് മുടങ്ങിയിട്ട് ഒരു വർഷവും എട്ടുമാസവും കഴിഞ്ഞു.
ഹൈകോടതി നിർദേശപ്രകാരം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൽട്ടൻസി ഓർഗനൈസേഷൻ (കിറ്റ്കോ) പരിസ്ഥിതി പഠനം നടത്തി കേരള തീരദേശ പരിപാലന അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറിയിട്ട് അഞ്ചു മാസമായി. റിപ്പോർട്ട് പരസ്യപ്പെടുത്താതിരിക്കാനുള്ള കാരണം സ്വകാര്യ കമ്പനിക്ക് കൈമാറാനാണെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ജില്ലയിൽ നിന്നുള്ള സി.പി.എം സംസ്ഥാന നേതാവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനിയടക്കം മൂന്നു കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിട്ടുണ്ട്. മണലെടുപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയാൽ നിർമാണ മേഖലയിലുള്ള ആവശ്യക്കാരും ഭീമമായ തുക നൽകി മണലെടുക്കേണ്ടിവരും.
കൂടാതെ ഓൺലൈൻ പോർട്ടൽ വഴി നേരത്തേ പണമടച്ച നിരവധിയാളുകൾക്ക് മണൽ നൽകാനുണ്ട്. ഇതു നൽകാതെയാണ് സ്വകാര്യ കമ്പനിക്ക് പ്രവർത്തനം കൈമാറാനുള്ള നീക്കം. സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള സർക്കാറിന്റെ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജീവിതം വഴിമുട്ടിയ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു മാസം ചുരുങ്ങിയത് ആറു കോടി രൂപ അഴീക്കൽ ഹാർബറിൽനിന്ന് മണലെടുപ്പുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് എത്തുമായിരുന്നു. ഇനി അതും ഇല്ലാതാകും. 2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരൽ നിർത്തിയത്.
തുടർന്ന് തുറമുഖത്തോട് പരിസ്ഥിതി പഠന റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ മറവിലാണ് സർക്കാർ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കവുമായി മുന്നോട്ടുവന്നത്. തുറമുഖത്ത് സമീപ പഞ്ചായത്തിലെ ഒമ്പതു കടവുകൾ വഴിയാണ് മണലെടുത്തിരുന്നത്. അഴീക്കോട് -രണ്ട് കടവുകൾ, വളപട്ടണം-മൂന്ന്, പാപ്പിനിശ്ശേരി-രണ്ട്, മടക്കര മാട്ടൂൽ -രണ്ട് എന്നിങ്ങനെയാണിത്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.