കണ്ണൂര്‍: കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്രചെയ്ത യുവാവ് പിടിയില്‍. കാസര്‍കോട് ഉദിനൂര്‍ സ്വദേശി മുഹമ്മദ് ശരീഫിനെയാണ് കണ്ണൂര്‍ ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിലാണ് ഇയാള്‍ പെട്രോളുമായി യാത്രചെയ്തിരുന്നത്.
ആലുവയില്‍നിന്ന് കണ്ണൂരിലേക്ക് ട്രെയിനില്‍ ബൈക്ക് കൊണ്ടുവരുന്നതിന് ബുക്ക് ചെയ്തിരുന്നു. ബൈക്ക് പാര്‍സല്‍ അയക്കുമ്പോള്‍ പെട്രോള്‍ ടാങ്ക് കാലിയാക്കിവെക്കണമെന്ന് നിബന്ധനയുള്ളതിനാല്‍ ബൈക്കിന്റെ ടാങ്കിലുണ്ടായിരുന്ന ഒന്നേകാല്‍ ലിറ്ററോളം പെട്രോള്‍ ഇയാള്‍ കുപ്പിയിലാക്കി കൈയില്‍ കരുതുകയായിരുന്നു. കുപ്പിയില്‍ പെട്രോളുമായി യാത്രചെയ്യുന്നത് കണ്ട് അസ്വാഭാവികത തോന്നിയ യാത്രക്കാരി വിവരം ആര്.പി.എഫിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വൈകീട്ട് 6.45ഓടെ നേത്രാവതി ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആര്.പി.എഫ് സി.ഐ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് ശരീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.