കണ്ണൂർ: നഗരത്തിൽ പെർമിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകളെ പൂട്ടാൻ രൂപവത്കരിച്ച പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ ഓട്ടോറിക്ഷകൾ പരിശോധിച്ചു. വെള്ളിയാഴ്ച കണ്ണൂർ നഗരത്തിൽ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ഓട്ടോറിക്ഷകൾ പണിമുടക്കിയിരുന്നു.
എസ്.എ.ടി.യു, എച്ച്.എം.എസ്, ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ്, എഫ്ഐ.ടി.യു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കിയത്.
പണിമുടക്കിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആർ.ടി ഓഫിസിലേക്ക് പ്രതിഷേധമാർച്ചും നടത്തിയിരുന്നു. രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ അനധികൃത ഓട്ടോറിക്ഷകളെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പരിശോധന. സ്ക്വാഡിന്റെ ഭാഗമായി ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്.
അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പും കർശന നടപടിയെടുക്കും.
ടൗണിൽ അനധികൃത ഓട്ടോറിക്ഷകൾ ഓടുന്നത് സംബന്ധിച്ച് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻപോർട്ട് കമീഷണർ സി.വി.എം. ഷറീഫിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
നിയമം കർശനമായി നടപ്പാക്കുമെന്ന ഉറപ്പ് പാലിച്ചില്ലെങ്കിൽ ആർ.ടി.എ ഓഫിസ് ഉപരോധിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.