കേളകം: ജൈവ ആവാസ വ്യവസ്ഥക്ക് കോട്ടം വരുത്താതെ ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വനവിജ്ഞാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത പത്തു വർഷത്തേക്കുള്ള രൂപരേഖ തയാറാക്കി. വലയംചാലിലെ ആറളം വന്യജീവി സങ്കേതം ഓഫിസിൽ 2022 - 32 വർഷത്തെ മാനേജ്മെൻറ് പ്ലാൻ തയാറാക്കാനായി നടന്ന ഉന്നതതല സമിതി യോഗത്തിലാണ് നിർദേശം. അപൂർവമായ പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സസ്യങ്ങളുടെയും സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം വളർച്ച ഉറപ്പാക്കി വനവിജ്ഞാന കേന്ദ്രമാക്കി സങ്കേതത്തെ മാറ്റും. അതോടൊപ്പം വന്യജീവി സങ്കേതത്തിലെ വിദേശ കളകളെ മുഴുവൻ ഉന്മൂലനം ചെയ്യും. കാലങ്ങളായി നടക്കുന്ന പക്ഷി, ചിത്രശലഭ, മത്സ്യ, സസ്യ സർവേകൾ തുടരും. വാച്ച് ടവർ, ഇന്റർപ്രട്ടേഷൻ സെന്റർ എന്നിവ നവീകരിക്കും. കൂടുതൽ ട്രക്കിങ് പാതകൾ സ്ഥാപിക്കും. പ്രകൃതി പഠനക്യാമ്പുകൾ വർധിപ്പിച്ചു പ്രകൃതിയെ സ്നേഹിക്കുന്ന പുതുതലമുറയെ സൃഷ്ടിക്കണം. വന്യ മൃഗങ്ങൾ പുറത്തു പോകാതിരിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഇവക്കു ആവശ്യമായ വിഭവങ്ങൾ വനത്തിനുള്ളിൽ തന്നെ ഒരുക്കണം. പുൽത്തകിടികൾ നിർമിക്കുകയും കാട്ടുതീയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ഒരുക്കുകയും വേണമെന്നും നിർദേശങ്ങളുണ്ടായി.
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് വൈൽഡ്ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വി. ഉത്തമന് അധ്യക്ഷത വഹിച്ചു. ആറളം വന്യജീവി സങ്കേതം വാർഡൻ വി. സന്തോഷ്കുമാർ സ്വാഗതവും അസി. വൈൽഡ്ലൈഫ് വാർഡൻ എൻ. അനിൽകുമാർ നന്ദിയും പറഞ്ഞു. കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജന, ആറളം ഫാം സൂപ്രണ്ട് ദിനചന്ദ്രൻ, മുൻ ആറളം വൈൽഡ്ലൈഫ് വാർഡൻമാരായിരുന്ന ഷെയ്ഖ് ഹൈദർ ഹുസൈൻ, എ. പത്മനാഭൻ, ഡോ. സുചനപൽ, ഡോ. ഡാന്റ്സ് കെ.ജെ, പക്ഷി നിരീക്ഷകനായ ഡോ. ശശികുമാർ, സീക്ക് പ്രതിനിധി പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.