പയ്യന്നൂർ: രാമന്തളിയിൽ കോൺഗ്രസ് പ്രകടനത്തിനുനേരെ ആക്രമണം. വനിത നേതാവ് അടക്കം രണ്ടുപേർക്ക് പരിക്കേറ്റു. പയ്യന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി കെ.പി. മഹിത, പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ.പി. രാജേന്ദ്രകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 7.30ഓടെ രാമന്തളി ഓണപ്പറമ്പിലാണ് സംഭവം. ഓണപ്പറമ്പിൽ സ്ഥാപിച്ച കോൺഗ്രസിെൻറ കൊടിമരം കഴിഞ്ഞ ഒരു മാസത്തിനിടയിൽ അഞ്ചു തവണ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഈ കൊടിമരം നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പറമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് അക്രമം നടത്തിയത്. അക്രമത്തിനുപിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രകടനത്തിനുശേഷം പ്രതിഷേധ യോഗം നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ യോഗം അലങ്കോലമാക്കാൻ ശ്രമം നടത്തിയതായും പരാതിയുണ്ട്.
സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് പ്രശ്നം ശാന്തമാക്കിയശേഷം കോൺഗ്രസ് പ്രവർത്തകർ മടങ്ങുന്നതിനിടെയാണ് അക്രമം നടന്നതെന്ന് പറയുന്നു. ബൈക്കിൽ കയറുന്നതിനിടെയാണ് കെ.പി. രാജേന്ദ്ര കുമാറിന് മർദനമേറ്റത്. ചെവിക്കും മുഖത്തും പരിക്കുണ്ട്. രാജേന്ദ്രകുമാറിനെതിരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മഹിതക്ക് പരിക്കേറ്റത്.
പരിക്കേറ്റവരെ ഡി.സി.സി അംഗം അഡ്വ. ഡി.കെ. ഗോപിനാഥ്, രാമന്തളി മണ്ഡലം പ്രസിഡൻറ് വി.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.