'വാദിഹുദയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം'

കണ്ണൂർ: ഭൂമികൈയേറ്റം ആരോപിച്ച് വാദിഹുദ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്ന് തഅലീമുൽ ഇസ്‍ലാം ട്രസ്റ്റ് ചെയർമാൻ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. 1980ൽ അബ്ദുറഹ്മാൻ സേട്ടുവിന്റെ മക്കളിൽനിന്ന് അഞ്ച് ഏക്കർ 77 സെന്റ് സ്ഥലം വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ ഒന്നിച്ചാണ് വാദിഹുദ സ്ഥാപനം വിലക്ക് വാങ്ങിയതെന്ന് അദ്ദേഹം അറിയിച്ചു.

മതിൽക്കെട്ടിനുള്ളിലുള്ള ഭൂമി അന്ന് അളന്നുതിട്ടപ്പെടുത്തിയതാണ്. ശേഷം വാദിഹുദ അതിരുകൾ വികസിപ്പിച്ചിട്ടില്ല. വാദിഹുദ കാമ്പസിലേക്കുവരുന്ന റോഡ് വർഷങ്ങളായി വാദിഹുദയും സമീപ കോളനിവാസികളും ഉപയോഗിച്ചുവരുന്നതാണ്. പ്രസ്തുത റോഡ് ദേവസ്വം അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

വാദിഹുദക്കും കോളനിവാസികൾക്കും റോഡ് ഉപയോഗിക്കാനുള്ള അവകാശം വകവെച്ചുള്ള സമീപനം കോടതി സ്വീകരിച്ചിട്ടുള്ളതുമാണ്.

വാദിഹുദക്കെതിരെ ഭൂമി കൈയേറ്റം ആരോപിക്കുന്നവർ ആരും സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടില്ല. വില്ലേജ്, താലൂക്ക് സർവേ അധികൃതർ ഭൂമി അളക്കുമ്പോൾ അക്കാര്യം വാദിഹുദയെ അറിയിച്ചിട്ടുമില്ല. എല്ലാ ജാതി-മത വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികളെയും ജീവനക്കാരെയും ഉൾക്കൊണ്ട് സേവന സ്വഭാവത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് വാദിഹുദ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന തഅലീമുൽ ഇസ്‍ലാം ട്രസ്റ്റ്.

42 വർഷമായി വാദിഹുദ സ്ഥാപന ഭൂമിയുമായി ബന്ധപ്പെട്ട് ഉയർന്നുവരാത്ത ആരോപണം ഇപ്പോൾ ഉന്നയിക്കുന്നവരുടെ അർഥശൂന്യമായ ആരോപണങ്ങൾ സമൂഹം തിരിച്ചറിയുന്നുണ്ടെന്നും ചെയർമാൻ വാർത്താക്കുറിപ്പിൽ തുടർന്നു.

Tags:    
News Summary - Attempts to defame Wadihuda are reprehensible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.