കണ്ണൂർ: അന്താരാഷ്ട്ര കപ്പലുകൾക്ക് അടുക്കാൻ നിയമപരമായ അനുമതി നൽകുന്ന ഇന്റർനാഷനൽ ഷിപ്സ് ആൻഡ് പോർട്ട് ഫെസിലിറ്റി കോഡ് (ഐ.എസ്.പി.എസ്) ലഭിച്ചതോടെ അഴീക്കൽ തുറമുഖം വികസന രംഗത്ത് ഏറെ മുന്നോട്ട് പോയെന്നും ചരക്കുനീക്കത്തിന് വ്യാപാരികളുടെ പ്രത്യേക യോഗം ചേരുമെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അഴീക്കൽ തുറമുഖത്തിന് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര പട്ടികയിൽ ഇടംപിടിച്ച സാഹചര്യത്തിൽ അഴീക്കലിൽ കൂടുതൽ ചരക്ക് ലഭ്യമാക്കുന്നതിന് കുടക് വ്യവസായ പ്രതിനിധികളെയടക്കം ഉൾപ്പെടുത്തിയാകും വ്യാപാരികളുടെ പ്രത്യേക യോഗം വിളിക്കുകയെന്നും മന്ത്രി പറഞ്ഞു.
ചെറുകിട തുറമുഖങ്ങളുടെ വികസനമെന്ന എൽ.ഡി.എഫ് സർക്കാറിൻറെ ലക്ഷ്യം വളരെയേറെ മുന്നിട്ടു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ അന്താരാഷ്ട്ര ചരക്ക് കപ്പൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ എത്തും. കപ്പൽ ചൈനയിൽനിന്ന് പുറപ്പെട്ട് കഴിഞ്ഞു. കപ്പൽ എന്നടുക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും -മന്ത്രി പറഞ്ഞു. അഴീക്കൽ പോർട്ട് ഓഫിസിൽ നടന്ന ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പോർട്ട് ഓഫിസർ ടി. ദീപൻകുമാർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ വായിപറമ്പ്, മാരിടൈം ബോർഡ് അംഗം കാസിം ഇരിക്കൂർ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് പ്രതിനിധികളായ പി.കെ. മായൻ മുഹമ്മദ്, ടി.എം. ബാവ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികളായ വിനോദ് നാരായണൻ, കെ.വി. ദിവാകർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.