അഴീക്കോട്: അഴീക്കലിൽനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുകടത്തുന്ന 'ഉരു' സർവിസ് ഉടൻ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് മാരിടൈം ബോർഡ്, തുറമുഖ വകുപ്പ് മേധാവികൾ ഇതിനകം ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി. ഏറ്റവും ഒടുവിൽ 2017ലാണ് ചരക്ക് 'ഉരു' അഴീക്കലിൽ വന്നത്.
അന്ന് കൽപേനിയിൽ കെട്ടിട നിർമാണത്തിനുള്ള സാധനങ്ങളുമായാണ് പോയത്. രണ്ടാഴ്ചയിൽ ഒരുതവണ എന്ന തോതിൽ ചരക്ക് സർവിസ് നടപടിയാണെടുത്തുവരുന്നത്. കപ്പൽ വരാത്ത സാഹചര്യത്തിൽ ഉരുവിൽ കയറ്റാവുന്ന ചരക്കുകൾ അഴീക്കലിലെത്തിക്കാനും ആലോചിച്ചുവരുന്നു.
കോഴിക്കോട്-ബേപ്പൂർ-അഴീക്കൽ ചരക്ക് കടത്തുമായി ബന്ധപ്പെട്ട് ഈ മാസത്തോടെ ഉരുയാത്ര ഷെഡ്യൂളിൽ തീരുമാനമാവുമെന്ന് തുറമുഖ അധികൃതർ പറഞ്ഞു. കടൽവഴി ചരക്കുഗതാഗതം സാധ്യമാക്കാനുള്ള സർക്കാറിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഉരു സർവിസ് പുനരാരംഭിക്കുന്നത്.
1974 മുതൽ മാസത്തിൽ പത്തുതവണ ലക്ഷദ്വീപ്-അഴീക്കൽ, അഴീക്കൽ-മുംബൈ എന്നിവിടങ്ങളിൽ വളപട്ടണം മരവ്യവസായ ശാലകളിലെ മരങ്ങൾ ഈർന്ന് ഉരുവില്‍ കടത്തിയിരുന്നു.
ലോറി ഗതാഗതം സക്രിയമായതോടെ ഉരുവഴിയുള്ള ചരക്കുകടത്ത് കുറഞ്ഞു. വർഷത്തിൽ 100 ഉരു വന്ന അഴീക്കലിൽ 1994ഓടെ 74 ആയി കുറഞ്ഞു. 2001-2002ൽ 11 ഉരുവിൽ കയറ്റിയയച്ചത് 25 മെട്രിക് ടൺ ചരക്ക് മാത്രമാണ്. മരത്തിനുപുറമെ ജില്ലി, സിമന്റ് എന്നിവയും ഇവിടെനിന്നും കയറ്റിയയച്ചിരുന്നു.
2014 ഒക്ടോബറിലാണ് ചരക്കുകപ്പൽ അഴീക്കലിൽനിന്ന് ആദ്യമായി ആരംഭിച്ചത്. 2015 മാർച്ച് വരെ 10 കപ്പലുകൾ അഴീക്കൽ - കൊച്ചി തുറമുഖ സർവിസ് നടത്തിയിരുന്നു. പിന്നെ കപ്പൽചാലിൽ മണ്ണുവന്ന് നിറഞ്ഞതുകാരണം സർവിസ് നിർത്തിവെക്കേണ്ടിവന്നു.
2021 ജൂണിൽ സർവിസ് പുനരാരംഭിച്ചു. 2022 ഫെബ്രുവരി വരെ വീണ്ടും 10 തവണ കൊച്ചി-ബേപ്പൂർ-അഴീക്കൽ സർവിസ് നടത്തിയതായിരുന്നു. പക്ഷേ, കപ്പൽ ഏജൻസികൾക്ക് ലാഭകരമല്ലാത്തതിനാലും സർവിസ് നടത്തിയതിന് തുക മാരിടൈം ബോർഡിൽനിന്നും, തുറമുഖ വകുപ്പ് മുഖേന കിട്ടാത്ത അവസ്ഥയിലും അവർ സർവിസ് അവസാനിപ്പിച്ചു.
2021 ജൂൺ മുതൽ 2022 ഫെബ്രുവരി വരെ 2500 കണ്ടെയ്നർ ചരക്ക് മാത്രമാണ് അഴീക്കലിൽനിന്ന് കയറ്റിയയച്ചത്. കപ്പല്‍ ഗതാഗതം മുടങ്ങിയ സാഹചര്യത്തില്‍ ഉരു സര്‍വിസിന് പ്രസക്തിയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.