അഴീക്കോട്: ഹരിത ടൂറിസം കേന്ദ്രമാകാനൊരുങ്ങുന്ന ചാൽ ബീച്ച് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. ലോഡ് കണക്കിന് അജൈവ മാലിന്യമടങ്ങിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, കുപ്പികൾ, കെട്ടിടാവശിഷ്ടങ്ങൾ എന്നിവ സാമൂഹിക വിരുദ്ധർ ചവോക്ക് മരങ്ങൾക്കിടയിൽ തണ്ണീർത്തടത്തിൽ തള്ളുകയാണ്. സംസ്ഥാന സർക്കാറാണ് ബീച്ചിനെ ഹരിത ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനൊരുങ്ങുന്നത്.
ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാൻ തിരഞ്ഞെടുത്ത കേരളത്തിലെ മൂന്ന് ബീച്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ബീച്ചാണ് അഴീക്കോട് പഞ്ചായത്തിലെ ചാൽ ബീച്ച്. ബ്ലു ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന ബീച്ചാണിത്. ദിനം പ്രതി ശരാശരി 500ൽ അധികം സഞ്ചാരികൾ ബീച്ചിൽ എത്തിച്ചേരാറുണ്ട്. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടത് ശുചിത്വ പരിപാലനമാണ്.
തണ്ണീർത്തടത്തിൽ നിക്ഷേപിച്ച മാലിന്യം നീക്കണമെന്നും സാമൂഹിക വിരുദ്ധർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ആവശ്യപ്പെട്ടു. പരിഷത്ത് ജില്ല ട്രഷറർ കെ. വിനോദ് കുമാർ, മേഖല പരിസ്ഥിതി വിഷയസമതി കൺവീനർ പി. ധർമൻ, അഴിക്കോട് യൂനിറ്റ് പ്രസിഡന്റ് പി. രമേശൻ, അഴീക്കൽ യൂനിറ്റ് വൈസ് പ്രസിഡന്റ് കെ. പവനൻ എന്നിവരുടെ നേതൃത്വത്തിൽ പരിഷത്ത് പ്രവർത്തകർ പ്രദേശം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.