ശ്രീകണ്ഠപുരം: കെ.പി.സി.സി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയിലും എ ഗ്രൂപ്പിന് വന്‍ നഷ്ടം. പരസ്യമായും രഹസ്യമായും പ്രതിഷേധം അറിയിച്ച് നേതാക്കൾ രംഗത്തെത്തി. ജില്ലയിലെ 23 ബ്ലോക്ക് പ്രസിഡന്റുമാരില്‍ അഞ്ചെണ്ണം മാത്രമാണ് എ ഗ്രൂപ്പിന് ലഭിച്ചത്. തളിപ്പറമ്പ്, ആലക്കോട്, കൂത്തുപറമ്പ്, ധര്‍മടം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ എ ഗ്രൂപ്പിന് നഷ്ടമായി. ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന പയ്യന്നൂര്‍ ലഭിച്ചതാണ് എ ഗ്രൂപ്പിനുള്ള ഏക നേട്ടം. പയ്യന്നൂരിന് പുറമെ ശ്രീകണ്ഠപുരം (അഡ്വ. ഇ.വി. രാമകൃഷ്ണന്), അഴീക്കോട് (ടി.കെ. അജിത്ത്), പേരാവൂര്‍ (ജൂബിലി ചാക്കോ), കൊളച്ചേരി (കെ.പി. ശശിധരന്) എന്നീ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളാണ് എ ഗ്രൂപ്പിന് ലഭിച്ചത്. പയ്യന്നൂരില്‍ കെ. ജയരാജനാണ് പ്രസിഡന്റ്. ഐ ഗ്രൂപ്പിലെ തമ്മിലടി കാരണമാണ് ഇവിടെ എ ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
ബാക്കി 18 പ്രസിഡന്റ് സ്ഥാനവും കെ. സുധാകരന്, വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍ എന്നിവരുടെ അനുയായികള്‍ക്കാണ് ലഭിച്ചത്. സമവായക്കമ്മിറ്റി ഏകകണ്ഠമായി നിര്‍ദേശിച്ച പേര് പോലും വെട്ടിമാറ്റിയതായി എ ഗ്രൂപ്പിന് പരാതിയുണ്ട്. കൂത്തുപറമ്പില്‍ രജനീഷ് കക്കോരത്തിന്റെ പേരായിരുന്നു സമവായക്കമ്മിറ്റി നിര്‍ദേശിച്ചത്. എന്നാല്‍, കെ. ലോഹിതാക്ഷനെയാണ് പ്രസിഡന്റായി നിയമിച്ചത്. തളിപ്പറമ്പില്‍ നിലവിലുള്ള പ്രസിഡന്റ് എം.വി. രവീന്ദ്രനെ മാറ്റുകയാണെങ്കില്‍ കെ. രാമകൃഷ്ണനെ പ്രസിഡന്റാക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, അത് അംഗീകരിച്ചില്ല. പട്ടിക പ്രഖ്യാപിച്ചപ്പോൾ ഐ ഗ്രൂപ്പിലെ പി.കെ. സരസ്വതിയാണ് തളിപ്പറമ്പിൽ പ്രസിഡന്റായത്. ആലക്കോട് (ജോസ് വട്ടമല), ഇരിക്കൂര്‍ (ജോസഫ് ആഞ്ഞിലിതോപ്പില്‍), കണ്ണൂര്‍ (കായക്കല്‍ രാഹുല്‍), കല്യാശ്ശേരി (കൂനത്തറ മോഹനന്), മാടായി (വി. രാജന്), ചിറക്കല്‍ (കൂക്കിരി രാജേഷ്), ധര്‍മടം (കെ.വി. ജയരാജന്), ചക്കരക്കല്ല് (കെ.ഒ. സുരേന്ദ്രന്), മട്ടന്നൂര്‍ (സുരേഷ് മാവില), കോളയാട് (കെ. രാഘവന് മാസ്റ്റര്‍), ഇരിട്ടി (പി.എ. നസീര്‍), കൂത്തുപറമ്പ് (കെ. ലോഹിതാക്ഷന്), പാനൂര്‍ (കെ.പി. ഹാഷിം), തലശ്ശേരി (എം.പി. അരവിന്ദാക്ഷന്), കോടിയേരി (ടി. ശശിധരന് മാസ്റ്റര്‍), എളയാവൂര് (ലക്ഷ്മണന് തുണ്ടിക്കോത്ത്), ചെറുപുഴ (മഹേഷ് കുന്നുമ്മല്‍) എന്നിവരാണ് ഐ ഗ്രൂപ്പിന് ലഭിച്ച ബ്ലോക്ക് പ്രസിഡന്റുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.