കല്യാശ്ശേരി: ഭരണഘടനയെ കാറ്റിൽപറത്തി ബി.ജെ.പി സർക്കാർ ബുൾഡോസർ ഭരണമാണ് നടത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കല്യാശ്ശേരിയിൽ നായനാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്.
ബുൾഡോസറിനെ ഇന്ന് ബി.ജെ.പിയും ആർ.എസ്.എസും പലതിന്റെയും പ്രതീകങ്ങളാക്കുകയാണ്. ഹിന്ദുത്വ പ്രത്യയ ശാസ്ത്രവും സാമ്പത്തിക ചൂഷണവും അതിൽ ചിലത് മാത്രമാണ്. വിലക്കയറ്റം മൂലം ജനം ജീവിക്കാൻ വകയില്ലാതെ പൊറുതി മുട്ടുമ്പോൾ കേന്ദ്ര സർക്കാർ തറവാട്ട് സ്വത്തുപോലെ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് പൊതു ഖജനാവ് കൊള്ളയടിക്കുകയാണ്.
ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്താകമാനം വെറുപ്പിന്റെ രാഷ്ട്രീയം കത്തിക്കുകയാണെന്ന്‍ വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾപോലും അധികാര രാഷ്ട്രീയം ഉപയോഗിച്ച് തകർക്കാനും അവ കൈക്കലാക്കാനും ബി.ജെ.പി ശ്രമിക്കുകയാണ്. ഇത് രാജ്യത്തിന്റെ നാനാത്വവും ഏകത്വവും തകർക്കുമെന്നും അവര്‍ പറഞ്ഞു. പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ടി. ചന്ദ്രൻ, പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.