ശ്രീകണ്ഠപുരം: അഞ്ചുപൈസ ചെലവില്ലാതെ കശുമാവ് കൃഷിയിൽനിന്ന് അഞ്ചിരട്ടി ലാഭമുണ്ടാക്കാനാകുമോ? കഴിയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് പയ്യാവൂർ കാലിക്കണ്ടിയിലെ ആനിയമ്മയും ഭർത്താവ് ബേബി വാഴക്കാമലയും. ഇതിനായി ഇവർ കണ്ടെത്തിയ നാടൻ പരിഹാരത്തിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു.
കാർഷിക മേഖലയിലെ നൂതന ആശയങ്ങൾക്ക് നാഷനൽ ഇന്നോവേഷൻ ഫൗണ്ടേഷൻ നൽകിയ അവാർഡ് രാഷ്ട്രപതിയിൽനിന്ന് ഇവർ ഏറ്റുവാങ്ങുകയും ചെയ്തു. വേരുപടർത്തൽ രീതിയിലൂടെ മാതൃചെടിയിൽനിന്ന് കൂടുതൽ ആരോഗ്യമുള്ള പുതുചെടിയുണ്ടാക്കുന്ന വിദ്യയാണ് ആനിയമ്മയും ഭർത്താവ് ബേബിയും പരീക്ഷിച്ച് വിജയിച്ചത്. കശുമാവിന്റെ മണ്ണിനു സമാന്തരമായി നിൽക്കുന്ന കൊമ്പുകളെ കല്ലുകൾ ഉപയോഗിച്ച് ആദ്യം മണ്ണിനോട് ചേർന്ന് നിർത്തും. ശേഷം മണ്ണും ജൈവ വളവും കൊണ്ട് പൊതിഞ്ഞുവെച്ച് പുതിയ വേരുകൾ മുളപ്പിക്കുന്ന ലളിതമായ നാടൻ രീതിയാണിത്. ഒരു മാതൃ ചെടിയിൽനിന്ന് ഇത്തരത്തിൽ ഇരുപതോളം പുതിയ ചെടികൾവരെ ഇവർ ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴി തുടർച്ചയായ കാറ്റും പുഴുക്കളുടെ ആക്രമണവും കാരണം കശുവണ്ടി വിളവ് വൻ തോതിൽ കുറയുന്നതു തടയാൻ സാധിച്ചുവെന്ന് ഇവർ പറയുന്നു. പുഴുശല്യം മൂലമോ മറ്റോ മാതൃ ചെടി നശിച്ചാലും പുതിയ ചെടികളിൽ നിന്ന് വിളവ് ലഭിക്കും. താഴെ പടർന്ന് കിടക്കുന്ന ചെടികൾക്കിടയിലൂടെ കശുവണ്ടി ശേഖരിക്കാനുള്ള പ്രയാസമൊഴിച്ചാൽ ഒരു കശുമാവിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ അഞ്ച് ഇരട്ടി വിളവ് ഈ രീതിയിലൂടെ ലഭിക്കും.
2004ൽ കശുവണ്ടിത്തോട്ടത്തിൽ കണ്ട കാര്യം പരീക്ഷിച്ചാണ് ആനിയമ്മ ചെടിയുടെ പ്രതിരോധശേഷിയും വിളവും കൂട്ടിയത്. ഒരു കശുമാവിന്റെ കൊമ്പ് മണ്ണിൽ മുട്ടി അതിൽനിന്ന് വേരുകൾ പടർന്നിരുന്നു. ഈ ഭാഗം സാധാരണയിലും വേഗം വളരുന്നതായും ഇവർ മനസ്സിലാക്കി.
അടുത്തവർഷം പുഴുശല്യം കാരണം മാതൃചെടി നശിച്ചെങ്കിലും വേരുപടർന്നുണ്ടായ പുതിയ കൊമ്പിന്റെ ഭാഗം ആരോഗ്യത്തോടെ നിന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിനു സമാന്തരമായി നിൽക്കുന്ന കൊമ്പുകളിൽ ചാണകവും മണ്ണും ചാക്കുകൊണ്ടു പൊതിഞ്ഞുവെച്ച് വേരുകൾ പാള വഴി മണ്ണിലെത്തിച്ച് മാതൃചെടിയിൽനിന്ന് പുതിയ ചെടികൾ ആനിയമ്മ വികസിപ്പിച്ചു. 18 വർഷമായി ഈ നാടൻ രീതിയിലൂടെയാണ് ഇവർ കശുമാവ് കൃഷിയിലെ വിജയ യാത്ര നടത്തുന്നത്. നിരവധി ഉദ്യോഗസ്ഥരും ഗവേഷകരും പലതവണ ഇവരുടെ തോട്ടം സന്ദർശിച്ചെങ്കിലും നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷൻ അംഗികാരം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. കേരള കാർഷിക സർവകലാശാലയും കർണാടകയിലെ ഐ.സി.എ.ആറും ഈ രീതി പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ട്.
20 വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ചതാണ് ഇപ്പോഴത്തെ അംഗീകാരം. ആളുകൾ അറിയാനും അംഗീകരിക്കാനും അൽപം വൈകിയെന്നു മാത്രം. ഈ വിദ്യ എല്ലാ കർഷകരേയും പഠിപ്പിക്കാൻ തയാറാണ്. കശുവണ്ടി കൃഷിയിലൂടെ എല്ലാവരും ലാഭം നേടണമെന്നാണ് ആഗ്രഹം - ബേബിയും ആനിയമ്മയും പറഞ്ഞു.കശുവണ്ടി ശേഖരിക്കുന്നതിന്റെ എളുപ്പത്തിനായി എല്ലാവരും കശുമാവിന്റെ താഴെയുള്ള ശിഖരങ്ങൾ വെട്ടിമാറ്റിയാണ് കൃഷി ചെയ്യുന്നത്. ഇത് വിളവ് കുറക്കും. ഒരു കശുമാവിന് പകരം പുതിയൊന്ന് വെച്ചുപിടിപ്പിക്കൽ എളുപ്പമല്ല. എന്നാൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കർഷകന് പഴയ മരങ്ങളിൽ നിന്ന് പുതിയ മരങ്ങൾ ഒരുക്കാനാകും. ചുഴലിക്കാറ്റുകളാൽ എളുപ്പത്തിൽ പിഴുതെറിയപ്പെടാതിരിക്കുകയും ചെയ്യും. ഈ വിജയ ഫോർമുല അറിഞ്ഞതോടെ സാധാരണ കർഷകരും ശാസ്ത്രജ്ഞരുമടക്കം ഇവരെ തേടിയെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.